കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൻമേൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗത കശുവണ്ടി തൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കുന്നതിന് കാരണമായിതീർന്നുവെന്ന് എ.എ. അസീസ് ആരോപിച്ചു.കേരള കശുവണ്ടി തൊഴിലാളി കോണ്ഗ്രസ്(ഐഎൻറ്റിയുസി) യുടെയും എഐയുഡബ്ല്യുസി യുടെയും നേതൃത്വത്തിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികൾ എത്രയും പെട്ടന്ന് തുറന്ന് പ്രവർത്തിപ്പിക്കുവാൻ വേണ്ട സാഹചര്യങ്ങൾ സർക്കാർ ഒരുക്കിയില്ലെങ്കിൽ ഫാക്ടറി പടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള കശുവണ്ടി തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സവിൻസത്യൻ പറഞ്ഞു.
പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറേറ്റ് ഓഫീസുമായി ബന്ധപ്പെട്ട കശുവണ്ടി തൊഴിലാളികൾക്കുണ്ടായിട്ടുളള ബുദ്ധിമുട്ടുകൾ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
കെപിസിസി സെക്രട്ടറി ഷാനവാസ് ഖാൻ, എഴുകോണ് നാരായണൻ, പ്രഫ. മേരീദാസൻ, നെടുങ്ങോലം രഘു, തൊടിയൂർ രാമചന്ദ്രൻ, പി. ജർമ്മിയാസ്, മംഗലത്ത് രാഘവൻനായർ, എസ്. സുഭാഷ്, ബോബൻ.ജി.നാഥ്, ബാബു ജി.പട്ടത്താനം, ജെ.എം.ഷൈജു, എം.ജി. ജയകൃഷ്ണൻ, പെരിനാട് മുരളി, എസ്.ഇ. സഞ്ജയ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ് ക്ലബ് മൈതാനത്ത് നിന്നും ആരംഭിച്ച തൊഴിലാളി മാർച്ചിന് നാവായിക്കുളം നടരാജൻ, വൈ.എ. സമദ്, കെ. മധുലാൽ, പാൽക്കുളങ്ങര ഹരിദാസ്, വിജയരാജൻ പട്ടാഴി, ചിറക്കര ശശി, ഷാജി നൂറനാട്, സഹദേവൻപിളള, കൃഷ്ണകുമാർ, സദാനന്ദൻ, നജീബ് ഖാൻ, കെ.ബി. ഷഹാൽ, ഗീതാകൃഷ്ണൻ, രഘു കുന്നുവിള, കുന്നിക്കോട് ഷാജഹാൻ, ഡി. ചന്ദ്രബോസ്, പ്രീതകുമാർ എന്നിവർ നേതൃത്വം നൽകി.