കോഴിക്കോട്: ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീശിനെയും കോഴിക്കോട്ട് ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറർ. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്റായിരുന്ന എ.എൻ.ഷംസീറും സ്ഥാനമൊഴിഞ്ഞു.
വര്‍ഗീയതയ്ക്കും കേന്ദ്ര സര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് 14-ാം സംസ്ഥാന സമ്മേളനം സമാപിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലി വൈകിട്ട് കോഴിക്കോട്ട് നടക്കും.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി.പി.രാമകൃഷ്ണന് തുടങ്ങിയവർ പ്രസംഗിക്കും.
മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 619 പ്രതിനിധികളാണ് ചർച്ചകളിൽ പങ്കെടുത്തത്. ഓരോ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 508 പ്രതിനിധികളും 22 സൗഹാര്‍ധ പ്രതിനിധികളും നാല് നിരീക്ഷകരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പടെയായിരുന്നു ഇത്.