ആലപ്പുഴ: സ്വാശ്രയ കോളേജ് ഡയറക്ടറായി മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ നിയമിക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് ആലപ്പുഴ ഡിസിസി മുൻ പ്രസിഡന്റും മുൻ എംഎൽഎയുമായ എ.എ. ഷുക്കൂർ.
കോളജ് അധ്യാപികയായി വിരമിച്ച മന്ത്രിയുടെ ഭാര്യയ്ക്കു വേണ്ടിയാണ് നിയമവും ചട്ടവും ഉണ്ടാക്കിയത്. കേരളയൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ കാലാവധി അവസാനിച്ച സന്ദർഭം നോക്കിയാണ് നിയമനം നടത്തിയിട്ടുള്ളത്.
കോളജ് പ്രിൻസിപ്പൽ ആകാനുള്ള യുജിസി യോഗ്യതയും മന്ത്രിയുടെ ഭാര്യയ്ക്കില്ലെന്ന് ഷുക്കൂർ ആരോപിച്ചു. ബന്ധുനിയമനത്തിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന ഇ.പി. ജയരാജന്റെ കേസിനു സമാനമാണ് ഈ നിയമനവും.
അഴിമതിയ്ക്കെതിരെ മൈക്കിനു മുന്നിൽ ആദർശം വിളന്പുന്ന സുധാകരൻ ഈ സ്വജനപക്ഷപാത നിയമനത്തിനെതിരെ എന്തുപറയുന്നുവെന്നറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും ഷുക്കൂർ പറഞ്ഞു.