ബെയ്ജിംഗ്: ഭൂമിയിൽ നിന്ന് ഒരു ജീവിവർഗം കൂടി യാത്രപറയാനൊരുങ്ങുന്നു. ലോകത്തിലെ അത്യപൂര്‍വ ഇനത്തില്‍പെട്ട ഭീമന് ആമ ചൈനയില്‍ ചത്തു. യാംഗ്സേ ഭീമൻ ആമ വർഗത്തിൽപ്പെടുന്ന പെൺആമയാണ് ചത്തത്. ഈ ഇനത്തിൽ മൂന്നു ആമകള്‍ കൂടി മാത്രമാണ് ഭൂമിയിൽ അവശേഷിക്കുന്നത്.
ദക്ഷിണ ചൈനയിലെ സുഷോ മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു അവസാനകാലത്ത് ആമയുടെ താമസം. അപൂർവ ഇനത്തിൽപ്പെട്ട ആമ തൊണ്ണൂറാം വയസിലാണ് വിടവാങ്ങുന്നത്. മരിക്കുന്നതിനു 24 മണിക്കൂർ മുമ്പ് ആമയില്‍ കൃത്രിമബീജസങ്കലനത്തിനു ഗവേഷകർ ശ്രമിച്ചിരുന്നു. എന്നാൽ അഞ്ചു തവണ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം.
യാംഗ്സേ ഇനത്തിൽപ്പെട്ട നൂറു വയസുള്ള ആൺ ആമയെ സുഷോ മൃഗശാലയിൽ തനിച്ചാക്കിയാണ് പെൺആമ വിടവാങ്ങിയത്. ഇവയുടെ വംശം നിലനിർത്താൻ ശക്തമായ ശ്രമങ്ങൾ നടന്നുവരികയായിരുന്നു. എന്നാൽ തലമുറ സൃഷ്ടിക്കാൻ സാധിച്ചില്ല. അവശേഷിക്കുന്ന മറ്റു രണ്ടു ആമകൾ വിയറ്റ്നാമിലാണുള്ളത്.
അമിതമായ വേട്ടയും മത്സ്യബന്ധനവുമാണ് ഈ ജീവികളെ ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്. ആമകളുടെ വാസസ്ഥലങ്ങള്‍ നശിച്ചുപോയത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളും വംശനാശത്തിന്റെ വക്കിലേക്കു ഇവയെ തള്ളിവിട്ടു.