സ്വന്തം ലേഖകൻ
കൊച്ചി: മഹാരാജാസ് കോളജ് ബിരുദവിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിനുമുന്പു കൃത്യം നടത്തുന്നതിനു പരിശീലനം നൽകിയിരുന്നതായി പോലീസ്. കൃത്യം നടത്തേണ്ട രീതിയും നടത്തിയശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട് ഒളിവിൽ കഴിയേണ്ട സ്ഥലങ്ങളിൽ എത്തിച്ചേരേണ്ട വിധവും ഉൾപ്പെടെയുള്ള കാര്യങ്ങളിലായിരുന്നു പരിശീലനം. കൃത്യം നടത്തിയതു നിരീക്ഷണത്തിലുള്ള സംഘടനയുടെ അണികളും പരിശീലനം ലഭിച്ചതു നേതാക്കൾക്കുമാണെന്നും പോലീസ് കേന്ദ്രങ്ങൾ പറയുന്നു.
അഭിമന്യുവിനെ കത്തി ഉപയോഗിച്ചു കുത്തിയതു കാന്പസ് ഫ്രണ്ട് നേതാക്കന്മാർ അല്ലെന്നും പ്രവർത്തകരിൽ ഒരാളാണെന്നുമാണു പോലീസിന്റെ നിഗമനം. സംഘർഷമുണ്ടാക്കിയതും പ്രവർത്തകരെ എത്തിച്ചതും പിന്നീട് സ്ഥലത്തുനിന്ന് ഇവരെ മാറ്റിയതും ഒളിവിൽ താമസിപ്പിച്ചതും ഉൾപ്പെടെ ചില നേതാക്കന്മാരുടെ അറിവോടെയാണ്. ഇതിനാണു നേതാക്കൾക്കു പരിശീലനം നൽകിയതെന്നാണു പോലീസിന്റെ കണ്ടെത്തൽ.
കൊച്ചി കേന്ദ്രീകരിച്ചായിരുന്നോ പരിശീലനമെന്നതു സംബന്ധിച്ചു വ്യക്തത നൽകാൻ അധികൃതർ തയാറായില്ല. കണ്ണൂർ കേന്ദ്രമാക്കി ആയുധ പരിശീലന കേന്ദ്രം നടക്കുന്നതായും കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒരാൾ ആയുധ പരിശീലകനാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഏതാനും ദിവസംമുന്പാണ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേർ പിടിയിലായെങ്കിലും അഭിമന്യുവിനെ കുത്തിയതാരെന്നോ കുത്താൻ ഉപയോഗിച്ച കത്തിയെവിടെയെന്നോ കണ്ടെത്താൻ പോലീസിനു സാധിച്ചിട്ടില്ല. ചോദ്യം ചെയ്യുന്പോൾ പ്രതികളിൽനിന്നു വ്യക്തമായ ഉത്തരങ്ങൾ ലഭിക്കാത്തത് അന്വേഷണസംഘത്തെ വിഷമിപ്പിക്കുന്നുണ്ട്. ലഭിച്ച നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികൾ പോലീസിന്റെ ചോദ്യം ചെയ്യലുകളെ നേരിടുന്നത്.
വിവിധ സംഘങ്ങളെ കൃത്യത്തിനായി നിയോഗിച്ചതുതന്നെ ഗൂഢാലോചയുടെ ഭാഗമാണെന്നു പോലീസ് പറയുന്നു. പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയെന്നും കൃത്യത്തിൽ പങ്കെടുത്തവർ ആരൊക്കെയെന്നും പരസ്പരം തിരിച്ചറിയാതിരിക്കാനാണ് ഈ രീതി അവലംബിച്ചതെന്നു കരുതുന്നു. ഇതിനിടെ, കേസിൽ പ്രധാന പങ്കുള്ളതായി കണ്ടെത്തിയ ലോ കോളജ് വിദ്യാർഥി മുഹമ്മദ് റൗഫിനായുള്ള അന്വേഷണം വ്യാപകമാക്കി. ഇയാൾക്കായി കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യാപക അന്വേഷണമാണു നടത്തിവരുന്നത്.