കാഞ്ഞങ്ങാട്: മുസ്ലീംലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവ് കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു.
പടന്നക്കാട്ടെ എഫ്എല്ടിസിയിലെ ശുചിമുറിയുടെ ജനാല വഴിയാണ് കോവിഡ് പോസീറ്റീവായ യുവാവ് രക്ഷപ്പെട്ടത്.
ഒമ്പത് മാസം മുമ്പ് ഉപ്പളയിലെ മുസ്ലീംലീഗ് പ്രവര്ത്തകന് മുസ്തഫയെ മാരകമായി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതി ഉപ്പള കൈക്കമ്പ സ്വദേശി ആദം ഖാനാ (23) ണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ 26 ന് അറസ്റ്റിലായ ആദമിനെ കോടതിയില്‍ ഹാജരാക്കി കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തതായിരുന്നു.
ഇതിനിടെ നടത്തിയ കോവിഡ് പരിശോധനയുടെ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പടന്നക്കാട്ടെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റിയത്.
കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ ഇയാളെ താമസിപ്പിച്ച മുറിക്ക് പോലീസ് കാവലും ഉണ്ടായിരുന്നു. ഇന്നലെ രാത്രി പോലീസുകാരുടെ കണ്ണുവെട്ടിച്ച് ശുചിമുറിയുടെ ജനാലവഴിയാണ് ഇയാള്‍ കടന്നു കളഞ്ഞത്.
ശുചിമുറിയിലേക്ക് പോയി ഏറെനേരം കഴിഞ്ഞിട്ടും ഇയാളെ കാണാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ വാര്‍ഡിലെ മറ്റു രോഗബാധിതര്‍ ശുചിമുറിയുടെ വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടതായി കണ്ടെത്തിയത്.
രാത്രി തന്നെ നീലേശ്വരം-കാഞ്ഞങ്ങാട് മേഖലയില്‍ പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
തളിപ്പറമ്പ്, പയ്യന്നൂര്‍, ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണക്കേസുകളിലും പ്രതിയാണ് ആദം ഖാന്. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 20 കിലോ കഞ്ചാവ് കടത്തിയ കേസിലും നേരത്തേ അറസ്റ്റിലായിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ലീഗ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ വീണ്ടും അറസ്റ്റിലാകുന്നത്.