ന്യൂഡൽഹി: ആധാർ ഐഡിയും പെർമനന്റ് അക്കൗണ്ട് നന്പറും(പിഎഎൻ) തമ്മിൽ ബന്ധിപ്പിക്കാൻ എളുപ്പവഴിയുമായി ആദായിനികുതി വകുപ്പ്. ഇൻകം ടാക്സിന്റെ ഇ-ഫയലിംഗ് പോർട്ടൽ മുഖേനയാണ് ബന്ധിപ്പിക്കൽ എളുപ്പമാക്കിയിരിക്കുന്നത്.
പോർട്ടലിൽ നല്കിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ നന്പറും ആധാർ കാർഡിലെ നന്പറും പേരും നൽകിയാൽ ബന്ധിപ്പിക്കൽ നടപടികൾ പൂർത്തിയാകും.എന്നാൽ, പോർട്ടലിൽ നല്കുന്ന ആധാർ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെങ്കിൽ ആധാറിന്റെ വൺ ടൈം പാസ്വേഡ് ആവശ്യമായി വരും.
ഈ പാസ്വേഡ് ആധാറിൽ നല്കിയിട്ടുള്ള റജിസ്റ്റേഡ് മോബൈൽ നന്പറിലും ഇ-മെയിലിലും തത്സമയം എത്തുമെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തികൾ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. ജൂലൈ ഒന്നിനു ശേഷം പാൻ എടുക്കുന്നവർ ആധാർ നന്പറും വിവരങ്ങൾക്കൊപ്പം നല്കേണ്ടി വരും.