കൽപ്പറ്റ: സ്വയം ആധാരം എഴുതുകയും ആധാരങ്ങൾ സ്വന്തമായി എഴുതാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത ജില്ലാ രജിസ്ട്രാർക്ക് ആധാരം എഴുത്തുകാരുടെ വിമർശനം. ജില്ലാ രജിസ്ട്രാറുടെ നടപടി ധിക്കാരവും അധികാര ദുർവിനിയോഗവുമാണെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ജെ. ക്ലമന്റ്, ജില്ലാ പ്രസിഡന്റ് പി.എം. തങ്കച്ചൻ, സെക്രട്ടറി പി.കെ.രാജൻ, ട്രഷറർ വി.കെ. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ജില്ലാ രജിസ്ട്രാർ സ്വയം എഴുതിയതെന്ന് പറയുന്ന ആധാരത്തിൽ മതിയായ ഫെയർവാല്യു പോലും ചേർത്തിട്ടില്ല. വസ്തുവിന്റെ യഥാർഥ വില എന്തുകൊണ്ട് ആധാരത്തിൽ കാണിച്ചില്ല എന്ന് രജിസ്ട്രാർ വ്യക്തമാക്കണം. സ്വയം ആധാരം എഴുതാൻ ആളുകളോട് ആഹ്വാനം ചെയ്യുന്ന അദ്ദേഹം ആധാരം എഴുത്തുകാരുടെ തൊഴിലിൽ കടന്നുകയറുകയാണ്.
രജിസ്ട്രേഷൻ വകുപ്പിലെ ആരെങ്കിലും ആധാരം എഴുതിയാൽ ശന്പളം കൊടുക്കില്ലെന്നും വിരമിച്ചവർ അങ്ങനെ ചെയ്താൽ പെൻഷൻ നൽകില്ലെന്നും വകുപ്പമന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവനയെപോലും വെല്ലുവിളിക്കുകയാണ് ജില്ലാ രജിസ്ട്രാർ. സംസ്ഥാനത്ത് സ്വയം എഴുതിയ ആധാരങ്ങൾ ഈടായി സ്വീകരിച്ച് ബാങ്കുകൾ വായ്പ അനുവദിക്കുന്നില്ല.
ഈ സാഹചര്യത്തിൽ ആളുകളെ സ്വയം ആധാരം എഴുതാൻ അനുവദിക്കുന്ന നിയമം സംബന്ധിച്ച് പഠിക്കാൻ സർക്കാർ കമ്മീഷനെ നിയോഗിച്ചിരിക്കയാണ്. എറൈസിംഗ് കേരളയുടെ ഭാഗമായി ആധാരമെഴുത്ത് മേഖല അഴിമതിമുക്തമാക്കണമന്ന നിലപാട് അസോസിയേഷൻ സ്വീകരിച്ചിരിക്കെയാണ് രജിസ്ട്രാറുടെ ദ്രോഹനടപടി. ഇത് തുടർന്നാൽ ശക്തമായ സമരത്തിനു നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.