ഇന്ത്യക്കാരെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പേടിഎമ്മിലൂടെ തങ്ങള്‍ 500 രൂപ അടച്ചപ്പോള്‍ പത്തു മിനിറ്റിനുള്ളില്‍ ആധാര്‍ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ന്നു കിട്ടി എന്നാണ് ദി ട്രിബ്യൂണ്‍ എന്ന പത്രം വാദിക്കുന്നത്. ആര്‍ക്കും ഇതു ചെയ്യാം എന്നും അവര്‍ പറയുന്നു. വാട്സാപ്പിലൂടെ ഇത്തരം ഡേറ്റാ കച്ചവടം നടത്തുന്ന ഒരു അജ്ഞാതമായ (anonymous) ഗ്രൂപ്പുകളില്‍ ഒന്നാണ് തങ്ങള്‍ക്ക് ഈ മായക്കാഴ്ച സമ്മാനിച്ചതെന്നാണ് അവര്‍ പറയുന്നത്. ഇതു ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത ഡേറ്റാ ചോര്‍ച്ചയായിരിക്കും നടന്നിരിക്കുന്നത്.
ഏത് ആധാര്‍ നമ്പര്‍ അടിച്ചു കൊടുത്താലും പേര്, അഡ്രസ്, പോസ്റ്റല്‍ കോഡ് (PIN), ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയ്ല് എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ തെളിഞ്ഞു കിട്ടി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീര്‍ന്നില്ല, ഒരു 300 രൂപയും കൂടെ കൊടുത്തപ്പോള്‍ ആരുടെ പേരിലുമുള്ള ആധാര്‍കാര്‍ഡ് പ്രിന്റു ചെയ്തെടുക്കാനുള്ള സോഫ്റ്റ്വെയര് അയച്ചു കിട്ടിയെന്നും അവര്‍ പറയുന്നു.
യുഐഡിഎഐ (UIDAI) ആവര്‍ത്തിച്ച് അവകാശപ്പെടുന്നത് ആധാര്‍ ഡേറ്റ മുഴുവന്‍ സുരക്ഷിതമാണ് എന്നാണ്. ഈ വിവരവുമായി യുഐഡിഎഐ അധികാരികളെ സമീപിച്ചപ്പോള്‍ അവര്‍ ഞെട്ടിപ്പോയി എന്നാണ് ട്രിബ്യൂണ്‍ പറയുന്നത്.
ഏകദേശം ആറുമാസം മുമ്പായിരിക്കണം ഈ റാക്കറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയതെന്ന സംശയവും ട്രിബ്യൂണ്‍ പങ്കുവയ്ക്കുന്നു. രാജസ്ഥാന് സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെയാകാം നുഴഞ്ഞു കയറ്റം നടത്തിയിരിക്കുന്നതെന്നും അനുമാനിക്കുന്നു. എന്നാല്‍ ഇതു രാജസ്ഥാന്റേതു തന്നെയാണോ അതോ അന്വേഷണം വഴിമാറ്റി വിട്ടു കബളിപ്പിക്കാനായി നല്‍കിയിരിക്കുന്ന വിവരമാണോ എന്നും സംശയമുണ്ട്. ഇതെല്ലാം യുഐഡിഎഐ നടത്തുന്ന അന്വേഷണത്തിനു മാത്രമെ സ്ഥിരീകരിക്കാനാകൂ എന്നാണ് ചണ്ഡീഗഡിലെ യുഐഡിഎഐ അഡിഷണല്‍ ഡിറെക്ടര്‍-ജെനറല്‍ സഞ്ചയ് ജിന്‍ഡാല്‍ പറയുന്നത്.
ഡറ്റ എല്ലാം വെളിയില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ കൊണ്ടുവരാന്‍ ഇരിക്കുന്ന ഡേറ്റ പ്രോട്ടക്ഷന്‍ നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചോദ്യമുയരുന്നു. ആധാര്‍ വിവരങ്ങള്‍ ചോര്ത്താനെടുത്ത 10 മിനിറ്റ് ദി ട്രിബ്യൂണ്‍ അക്കമിട്ട് അവതരിപ്പിക്കുന്നുണ്ട്. ബാങ്കിടപാടുകള്‍ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിച്ച പല കാര്യങ്ങള്‍ക്കും വ്യാജമായി സൃഷ്ടിക്കുന്ന ആധാര്‍ കാര്‍ഡുകളും ചോര്‍ത്തിയെടുത്ത ഡേറ്റയും ദുരുപയോഗം ചെയ്യപ്പെടാം എന്നാണ് ആധാര്‍ വിരുദ്ധര്‍ പറയുന്നത്.