എടത്വ: നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായകുറഞ്ഞ ക്യാപ്റ്റനുമായാണ് എടത്വയിൽ നിന്നുള്ള ഷോട്ട് പുളിക്കത്രയെന്ന വെപ്പുവള്ളം ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ആറു വയസുകാരനായ ആദം പുളിക്കത്രയാണ് വള്ളത്തിന്റെ ക്യാപ്റ്റൻ. എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളം മുറക്കാരനാണ് ആദം. ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി നാല് തലമുറക്കാർ കളിവള്ളങ്ങൾ നിർമിച്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ ബഹുമതി ഈ കുടുംബത്തിന് മാത്രം സ്വന്തം.
ആദത്തിന്റെ നേട്ടം ലോക റിക്കാർഡിന് പരിഗണിക്കുന്നതിന് ശുപാർശ ചെയ്തതായി ഗിന്നസ് ആൻഡ് യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ്സ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള അറിയിച്ചു. ആധികാരികത തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് വരികയാണെന്നും നെഹ്റു ട്രോഫി ജലമേളയിൽ പ്രതിനിധികൾ പങ്കെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രഖ്യാപനം നടത്തുമെന്നും യുആർഎഫ് ഏഷ്യ ജൂറി ചെയർമാൻ ഡോ. ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു.
ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ, രജ്ഞന ജോർജ് എന്നീ ദന്പതികളുടെ ഏകമകനായ ആദം പുളിക്കത്ര ഇംഗ്ലണ്ട് ലൈസ്റ്റർ സെന്റ് പാട്രിക്ക് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ജോർജീന ജോർജ് ആണ് സഹോദരി. ജലമേളകളിൽ ചരിത്രം രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും കഴിഞ്ഞ ജൂലൈ 27 നാണ് പുതിയ വെപ്പുവള്ളമായ ഷോട്ട് പുളിക്കത്തറ നീരണിഞ്ഞത്.
1960-ൽ നീറ്റിലിറക്കിയ ആദ്യ ഷോട്ട് 36 തവണ നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്. 2001 ൽ നിർമിച്ച ജെയ് ഷോട്ട് ഈ വർഷം മത്സര രംഗത്തുണ്ട്. ഈ വർഷത്തെ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുന്ന ഒൻപത് വള്ളങ്ങളിൽ മൂന്ന് എണ്ണം ഒരേ കുടുബത്തിൽ നിന്നും നീരണിഞ്ഞ വളളങ്ങൾ ആണെന്നുള്ളത് മറ്റൊരു പ്രത്യേകത ആണ്.