എല്ലാം ആധാറിനെ ആധാരമാക്കിയാണു നാളെ മുതൽ. ജൂലൈ ഒന്നിനു നിരവധി കാര്യങ്ങൾക്ക് ആധാർ നിർബന്ധമാകുകയാണ്.
1. റേഷൻ ആനുകൂല്യം: പൊതു വിതരണസംവിധാനത്തിലൂടെ കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ ലഭിക്കാൻ നാളെ മുതൽ റേഷൻ കാർഡ് ആധാർ ബന്ധിതമാകണം.
2. സ്കോളർഷിപ്പ്: സ്കൂളുകളിലും കോളജുകുളിലും സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കാൻ വിദ്യാർഥിയുടെ ആധാർ നന്പർ വേണം.
3. ആദായനികുതി റിട്ടേൺ: ആദായനികുതി റിട്ടേൺ നല്കാനും നികുതി അടയ്ക്കാനും ആധാർ പാനു (പെർമനന്റ് അക്കൗണ്ട് നന്പർ) മായി ബന്ധിപ്പിച്ചിരിക്കണം. ഇത് ആദായനികുതി നിയമം 139 എഎ വകുപ്പു പ്രകാരം നിർബന്ധിതമാക്കി.
4. പാൻ കിട്ടാൻ: ആദായനികുതി വകുപ്പു നല്കുന്ന പാൻ ലഭിക്കാൻ ഇനി ആധാർ നന്പർ സഹിതം വേണം അപേക്ഷിക്കാൻ.
5 പാസ്പോർട്ട് കിട്ടാൻ: പാസ്പോർട്ടിന് അപേക്ഷിക്കുന്പോൾ നിർബന്ധമായി വേണ്ട രേഖകളിൽ ആധാർ കാർഡും പെടുത്തി.
6. പിഎഫ് അക്കൗണ്ട്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ നിർബന്ധമായും ആധാർ ബന്ധിതമാക്കണം. ഇന്നാണ് അവസാന തീയതി. പിഎഫ് പെൻഷൻകാരും ഇതു ചെയ്തിരിക്കണം. തുക പിൻവലിക്കലും മറ്റും കൂടുതൽ വേഗം നടക്കാൻ ഇതു സഹായിക്കും.
7. റെയിൽവേ സൗജന്യം: റെയിൽവേ ടിക്കറ്റുകളിൽ ഏതു സൗജന്യം ലഭിക്കുന്നതിനും ആധാർ നന്പർ രേഖപ്പെടുത്തണം.
നാളെ മാറുന്ന ചില കാര്യങ്ങൾ
1. വിദേശ യാത്രയ്ക്ക് ഇന്നു മുതൽ ഡീപാർച്ചർ ഫോറം പൂരിപ്പിച്ചു നൽകേണ്ട.
2. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പുതിയ സിലബസ് നാളെ നടപ്പാക്കുന്നു.
3. ഓസ്ട്രേലിയയിലേക്കു സന്ദർശനത്തിനു പോകുന്ന ഇന്ത്യക്കാർക്ക് നാളെ മുതൽ ഓൺലൈനായി വീസയ്ക്ക് അപേക്ഷിക്കാം.
4. സൗദി അറേബ്യയിൽ നാളെ മുതൽ വിദേശികളുടെ കൂടെ ആശ്രിതരായി താമസിക്കുന്നവർക്കു നികുതി. ഒരാൾക്ക് ഈ വർഷം 100 റിയാൽ (1750 രൂപയോളം) ആണു നികുതി. അടുത്തവർഷം അത് 200 റിയാലും 2019 ജൂലൈയിൽ 300 റിയാലുമാക്കും.