ഏഴു വർഷത്തോളമായി ഒളിച്ചുകളിച്ച ആധാർ കാർഡുകൾ ഒടുവിൽ മുട്ടുചിറ മാഞ്ഞൂരാൻ വീട്ടിലേക്ക് എത്തി. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ആധാർ ലഭിച്ച ആഹ്ലാദത്തിലാണ് മുട്ടുചിറ മാഞ്ഞൂരാൻ വീട്ടിൽ ആന്റണി- ട്രീസ ദന്പതികളുടെ പെൺമക്കളായ അഞ്ജിതയും (17) അനിതയും (15). മുട്ടുചിറയിൽ ടിവി റിപ്പയറിംഗ് സെന്റർ നടത്തുകയാണ് ആന്റണി.
വർഷങ്ങൾക്കു മുന്‍പേ അഞ്ജിതയും അനിതയും ആധാർ കാർഡിന് അപേക്ഷ നൽകിയിരുന്നു. പക്ഷേ, അനിതയ്ക്കു മാത്രമേ കാർഡ് ലഭിച്ചുള്ളൂ. തുടർന്ന് അഞ്ജിത പലവട്ടം അപേക്ഷ നൽകി. എന്നാൽ, ഒരോ പ്രാവശ്യവും അഞ്ചിതയ്ക്കു കാർഡ് നൽകുന്നതിനു പകരം അനുജത്തി അനിതയുടെ പേരിലുള്ള കാർഡ് അപ്ഡേഷൻ നടത്തി നൽകുകയാണ് അധികൃതർ ചെയ്തത്.
ഇങ്ങനെ അനിതയ്ക്കു പലപ്പോഴായി നാല് ആധാർ കാർഡുകൾ ലഭിച്ചു. ഒടുവിൽ രണ്ടു മാസം മുന്‍പ് അഞ്ജിതയുടെ പേരിൽ ആധാർ കാർഡ് എത്തി. പ്രശ്നം തീർന്നല്ലോ എന്നോർത്ത് എല്ലാവരും ആശ്വസിച്ചപ്പോഴാണ് ഞെട്ടലോടെ മറ്റൊരു കാര്യം അറിഞ്ഞത്.
അഞ്ജിതയ്ക്ക് ആധാർ നൽകിയപ്പോൾ നിലവിൽ അനിതയ്ക്കുണ്ടായിരുന്ന ആധാർ നന്പർ അധികൃതർ അസാധുവാക്കി. അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ പലതവണ അപേക്ഷ നൽകി ഏഴു വർഷത്തിനു ശേഷംഅഞ്ജിതയ്ക്കു കാർഡ് ലഭിച്ചപ്പോഴാണ് അനുജത്തിയുടെ ആധാർ നഷ്ടമായത്.
മാഞ്ഞൂരാൻ വീട്ടിൽ ആധാർ പ്രശ്നം തലവേദനയായപ്പോഴാണ് അയൽവാസിയും കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രസിഡന്റും വിവരാവകാശ കൂട്ടായ്മയുടെ സംസ്ഥാന കോ-ഓർഡിനേറ്ററുമായ പീറ്റർ മ്യാലിപ്പറന്പിൽ സഹായത്തിനെത്തിയത്. ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഇപ്പോൾ രണ്ടുപേർക്കും കാർഡ് ലഭിച്ചത്. ശനിയാഴ്ച തപാലിൽ അഞ്ജിതയുടെ കാർഡ് വീട്ടിൽ ലഭിച്ചു. അനിതയുടെ നന്പർ പിന്നീട് അക്ഷയ സെന്ററിലെത്തി ഡൗണ്‍ലോഡ് ചെയ്തെടുക്കുകയായിരുന്നു.
വിചിത്രമായ ന്യായങ്ങളാണ് ഇക്കാര്യത്തിൽ അധികാരികൾ നൽകുന്നത്. ആദ്യം പറഞ്ഞിരുന്നത് സഹോദരിമാരുടെ ഫോട്ടോകൾ ഒരു പോലിരിക്കുന്നതിനാലാണ് ഒരാൾക്കു മാത്രം കാർഡ് കിട്ടുന്നതെന്നായിരുന്നു. പിന്നീട് വ്യത്യസ്തമായ ഫോട്ടോകൾ നൽകിയതോടെ ആ പ്രശ്നം പരിഹരിച്ചു.
ബയോ മെട്രിക്കിലെ സാമ്യമാണ് രണ്ടു പേർക്കും കാർഡ് നൽകാൻ തടസമാകുന്നതെന്നായിരുന്നു അടുത്ത വിശദീകരണം. ആധാർ കാർഡെടുക്കുന്പോൾ വിരലടയാളവും കണ്ണിന്റെ റെറ്റിനയുമാണ് അടയാളങ്ങളായി എടുക്കുന്നത്.
സഹോദരിമാരുടെ ഈ രണ്ട് അടയാളങ്ങളും ഒരുപോലെയാണെന്നായിരുന്നു അധികൃതരുടെ കണ്ടുപിടിത്തം! അഞ്ജിതയ്ക്കു കാർഡ് ലഭിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വരെ ആന്റണി പരാതി നൽകിയിരുന്നു.
യുഐഡിഎഐ, ജില്ലാ കളക്ടർ, വിവിധ അക്ഷയ സെന്ററുകൾ, കോട്ടയം റീജണൽ ഓഫീസ് എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കേന്ദ്രങ്ങളിലും പരാതി നൽകി. 2011 ഡിസംബർ 31നാണ് മൂന്നു മക്കൾക്കൊപ്പം ദന്പതികൾ കാർഡിനായി അപേക്ഷ നൽകുന്നത്. പിന്നീട് മറ്റു നാലു പേരുടെയും കാർഡുകൾ കിട്ടിയെങ്കിലും അഞ്ജിതയുടെ കാർഡ് മാത്രം എത്തിയില്ല.
ഞീഴൂർ വിശ്വഭാരതി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അഞ്ജിത. അനിത മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഇവരുടെ സഹോദരൻ ആരോണ്‍.