ബംഗളൂരു: പൂർണമായും ആധാർ അധിഷ്ഠിത ഇടപാടുകളിലാക്കാൻ ബാംഗളൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബയാൽ) തയാറാകുന്നു. ബയാലിന്റെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവേശനവും ബോർഡിംഗും പൂർണമായും ബയോമെട്രിക് സംവിധാനത്തിലേക്കു മാറാനുള്ള തയാറെടുപ്പിലാണ്. രണ്ടു മാസത്തെ പൈലറ്റ് പദ്ധതിക്കുശേഷമാണ് ഈ തീരുമാനം.
ബയാൽ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് 2018 ഡിസംബറോടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പൂർണമായും ആധാർ അധിഷ്ഠിതമായി മാറും.
ആധാർ അധിഷ്ഠിത പ്രവേശനവും ബോർഡിംഗും വഴി ഓരോ യാത്രക്കാരന്റെയും പൂർണവിവരങ്ങൾ മനസിലാക്കാൻ കഴിയുമെന്നാണ് ബയാലിന്റെ പ്രതീക്ഷ. ഇപ്പോൾ ബോർഡിംഗിന് ശരാശരി 25 മിനിറ്റെങ്കിലും ഓരോ യാത്രക്കാരനും വേണ്ടിവരുന്നുണ്ട്. ഇ-ബോർഡിംഗ് സംവിധാനം വരുന്നതോടെ ഈ സമയദൈർഘ്യത്തിൽ വലിയതോതിൽ കുറവുണ്ടാകും. കൂടാതെ സുരക്ഷാ പരിശോധയും വേഗത്തിലാകും.
കഴിഞ്ഞ ആഴ്ച ബയാൽ പുറത്തുവിട്ട റിപ്പോർട്ടിൽ ആധാർ സംവിധാനങ്ങൾ നടപ്പിലാക്കാൻ 325 ദിന പദ്ധതിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ നിശ്ചിത ദിവസത്തിനുള്ളിൽ പുതിയ സംവിധാനം പ്രവർത്തനം തുടങ്ങാനാണ് ശ്രമം. മാർച്ച് 30 മുതൽ ആദ്യഘട്ട ആഭ്യന്തര സർവീസുകൾക്ക് ആധാർ വേരിഫിക്കേഷനുണ്ടാകും. 2018 ഒകടോബർ നാലു മുതൽ അന്താരാഷ്ട്ര സർവീസുകൾക്കും ആധാർ ഉപയോഗിച്ചുതുടങ്ങും. ഡിസംബറോടെയാണ് പൂർണമായും ആധാർ അധിഷ്ഠിത പ്രവർത്തനങ്ങളാകുന്നത്.