ന്യൂഡൽഹി: സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് ഇല്ലാതെ ഇന്നു മുതൽ ആഭ്യന്തര യാത്രകൾക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയായി സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. നോ ഫ്ലൈ റൂൾസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
മറ്റു രാജ്യങ്ങളേപ്പോലെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കാനാണ് ഇന്ത്യയുടെയും തീരുമാനം. മംഗോളിയയിൽ നടന്ന ഗ്ലോബൽ റെഗുലേറ്റർമാരുടെ യോഗത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അംഗങ്ങൾ ഇതേക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് വിവിധ നിർദേശങ്ങൾ സർക്കാരിന്റെ മുന്പിലെത്തി. ഇതാണ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ നിലവിൽ പാസ്പോർട്ട് നന്പർ നല്കണം. ഇതിനെ ആധാരമാക്കിയാണ് ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റിനും തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നത്. രാജ്യത്ത് യാത്ര ചെയ്യുന്നവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാൻവേണ്ടിയാണ് പുതിയ നടപടി.
വിമാനയാത്രയ്ക്ക് വിലക്കുള്ളവരെയും മറ്റും മുൻകൂട്ടി തിരിച്ചറിയുന്നതിനുവേണ്ടിയാണ് അമേരിക്കയിൽ നിലവിലുള്ള നോ ഫ്ലൈ ലിസ്റ്റ് സംവിധാനം ഇവിടെയും ആവിഷ്കരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുടെ പെരുമാറ്റങ്ങൾ മറ്റു യാത്രക്കാർക്കും വിമാന ജീവനക്കാർക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യവും തീരുമാനത്തിനു പിന്നിലുണ്ട്. കൂടാതെ മറ്റു പേരുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവണത ഇല്ലാതാക്കാനുപകരിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
നോ ഫ്ലൈ റൂൾസിൽ മൂന്ന് സെറ്റ് കുറ്റകൃത്യങ്ങളാണുള്ളത്
ലെവൽ 1: മോശമായ പെരുമാറ്റം
ലെവൽ 2: ശാരീരിക ഉപദ്രവം
ലെവൽ 3: ജീവനു ഭീഷണിയുയർത്തുന്ന പെരുമാറ്റം
മൂന്നു വിഭാഗത്തിലുള്ള ശിക്ഷകളും വ്യത്യസ്തമായിരിക്കും. ആദ്യ വിഭാഗത്തിൽ മൂന്നു മാസത്തേക്ക് വിമാനയാത്ര വിലക്കുന്ന നടപടി സ്വീകരിക്കും.