കുറ്റ്യാടി (കോഴിക്കോട്): എയർടെൽ മൊബൈൽ നന്പർ ആധാറുമായി ലിങ്ക് ചെയ്ത മരുതോങ്കര പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കാരിയുടെ വേതനം എയർടെൽ ബാങ്ക് അക്കൗണ്ടിലേക്കു പോയതായി പരാതി. മരുതോങ്കര തൂവ്വാട്ട പൊയിലിലെ പാലോറ ജാനുവിന്റെ സെപ്റ്റംബറിലെ വേതനം പഞ്ചായത്ത് അയച്ചപ്പോഴാണ് തുക എയർടെല്ലിന്റെ പെയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്കു പോയത്.
മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കുന്പോൾ ചില സ്വകാര്യ മൊബൈൽ ഫോൺ കന്പനികൾ ഉപയോക്താവ് ആവശ്യപ്പെടാതെ പെയ്മെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
സ്വകാര്യ മൊബൈൽ കന്പനികളിൽ ചിലത് അടുത്ത കാലത്തു പെയ്മെന്റ് ബാങ്കുകൾ തുടങ്ങിയിരുന്നു. മൊബൈലുമായി ബന്ധിപ്പിക്കുന്ന ആധാർ നന്പർ ഉപയോഗിച്ചു കന്പനികൾ ഉപയോക്താക്കൾ അറിയാതെ പെയ്മെന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതായാണ് പരാതി. നിലവിലെ രീതി അനുസരിച്ച് ആധാറുമായി ഏറ്റവും ഒടുവിൽ ലിങ്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് സർക്കാർ സബ്സിഡികളും ആനുകൂല്യങ്ങളും മറ്റും പോകുന്നത്. ഇതേ രീതിയിലാണ് ജാനുവിന്റെയും പണം എയർടെൽ ബാങ്ക് അക്കൗണ്ടിലേക്കു പോയത്.
മരുതോങ്കര ഗ്രാമീൺ ബാങ്കിലേക്കു വന്നുകൊണ്ടിരുന്ന പണമാണ് ആധാറുമായി ഫോൺ ലിങ്ക് ചെയ്തതോടെ മൊബൈൽ കമ്പനിയുടെ ബാങ്കിൽ തുറന്ന അക്കൗണ്ടിലേക്കു പോയത്. 3,144 രൂപയാണ് എയർടെല്ലിലേക്ക് എത്തിയത്. താൻ അറിയാതെ പണം എങ്ങനെ എയർടെല്ലിലേക്ക് മാറിയെന്നതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ജാനു ജില്ലാ കളക്ടർക്കു പരാതി നൽകിയിട്ടുണ്ട്.