ന്യൂഡൽഹി: വിവിധ ധനകാര്യ സേവനങ്ങൾക്ക് ആധാർ ബന്ധനം നടത്തേണ്ട അവസാന തീയതി ഈ മാസം 31-ന്. മൊബൈൽ സിം ആധാറുമായി ബന്ധിപ്പിക്കാൻ ഫെബ്രുവരി എട്ടുവരെ സമയമുണ്ട്.
ഡിസംബർ 31നകം ആധാരുമായി ബന്ധിപ്പിക്കേണ്ടവ:
ബാങ്ക് അക്കൗണ്ടുകൾ: പല ബാങ്കുകളിലും ബാങ്ക് ആധാർ കേന്ദ്രവഴി ഈ സേവനം നല്കുന്നു. ഇന്റർനെറ്റ് വഴിയും മൊബൈൽ വഴിയും ആധാറുമായി അക്കൗണ്ട് ബന്ധിപ്പിക്കാൻ സൗകര്യമുണ്ട്.
2. പാൻ: ആദായനികുതി വകുപ്പ് നല്കുന്ന പെർമനന്റ് അക്കൗണ്ട് നന്പർ (പാൻ) ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അസാധുവാകും. ഇതിനു മാർച്ച് 31 വരെ സമയം നൽകാൻ തയാറാണെന്നു ഗവൺമെന്റ് സുപ്രീംകോടതിയിൽ പറഞ്ഞിട്ടുണ്ട്.
3. നിക്ഷേപ പദ്ധതികൾ: തപാൽ ഓഫീസ് നിക്ഷേപങ്ങൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപമുള്ളവർ 31നകം ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസുകളിൽ ഇതിനു സൗകര്യമുണ്ട്. ആധാർ നല്കുന്ന uidai.gov.in എന്ന വെബ് സൈറ്റിലും ഇതിനു സൗകര്യമുണ്ട്.
4. എൽപിജി, ക്ഷേമപെൻഷൻ: പാചകവാതക സബ്സിഡി, ക്ഷേമപെൻഷൻ, റേഷൻ സബ്സിഡി, തൊഴിലുറപ്പ് വേതനം തുടങ്ങി സർക്കാരിന്റെ 135 സ്കീമുകളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ ബന്ധിപ്പിക്കാനുള്ള സമയം 31-ന് അവസാനിക്കും.
5. മ്യൂച്വൽ ഫണ്ട് നിക്ഷേപം: മ്യൂച്വൽ ഫണ്ട് നിക്ഷേപകരും 31നകം ആധാർ ബന്ധിപ്പിക്കണം.