വളമംഗലം: ആധാർകാർഡും പാൻകാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ ഒരു ദിവസം മാത്രം അവശേഷിക്കെ ആധാറിലുള്ള തിരുത്തലുകൾ ശരിയാക്കാൻ ജനം നെട്ടോട്ടത്തിൽ. ആധാർ കാർഡിലെ തിരുത്തുകൾ വരുത്താനുള്ള സംവിധാനങ്ങൾ അക്ഷയകേന്ദ്രങ്ങളിൽ ഇല്ലാത്തതാണ് ജനത്തെ ദുരിതത്തിലാക്കുന്നത്.
പാൻ കാർഡുമായി ആധാർകാർഡ് ലിങ്ക് ചെയ്യുന്നതിനു ഓണ്‍ലൈൻ വഴി ശ്രമം നടത്തിയപ്പോഴാണ് ആധാറിലെ തെറ്റുകൾ പലർക്കും മനസിലായത്. തെറ്റുകൾ തിരുത്തിയ ആധാർ കാർഡുകളുമായി മാത്രമേ പാൻകാർഡ് ലിങ്ക് ചെയ്യാൻ കഴിയൂ. ഇതിന് പല അക്ഷയ കേന്ദ്രങ്ങളിലും എത്തിയപ്പോഴാണ് ആധാർ തിരുത്താനുള്ള കൂടുതൽ സംവിധാനങ്ങളില്ലെന്ന് അറിയുന്നത്.
നാളെയാണ് ആധാർകാർഡ് പാൻകാർഡുമായി ലിങ്ക് ചെയ്യേണ്ട അവസാനതീയതി.ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ആവശ്യമായ സംവിധാനങ്ങൾ എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഏർപ്പെടുത്താത്തതിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ജനകീയാവശ്യം പരിഗണിച്ച് ആധാർകാർഡ് പാൻകാർഡ് ലിങ്കിംഗ് സംവിധാനം അക്ഷയകേന്ദ്രങ്ങളിൽ ഏർപ്പെടുത്തി സമയപരിധി നീട്ടാൻ കേന്ദ്രസർക്കാർ തയാറാകണമെന്നാണവശ്യം.