ന്യൂഡൽഹി: ആധാർ ഗുരുതരപ്രശ്നമെന്ന് സുപ്രീം കോടതി ജഡ്ജി. ആധാർ പ്രശ്നങ്ങളും നടപ്പാക്കൽ പിഴവുകളും സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡിന്റെയാണു നിരീക്ഷണം.
ഇതിനായി അൾഷൈമേഴ്സ് രോഗിയായ തന്റെ അമ്മ സഹിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും അദ്ദേഹം കോടതിയിൽ ചുണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് ബെഞ്ചിന്റെ തലവൻ.
മുൻ ചീഫ് ജസ്റ്റീസിന്റെ ഭാര്യ എന്ന നിലയിൽ, അൾഷൈമേഴ്സ് രോഗിയായ എന്റെ അമ്മയ്ക്ക് കുടുംബ പെൻഷൻ ലഭിച്ചിരുന്നു. ആധാർ നിയമം പ്രാബല്യത്തിലായതിനുശേഷം പെൻഷന്റെ ആധികാരികത വ്യക്തമാക്കേണ്ടിവന്നു. എല്ലാ മാസവും ബാങ്ക് മാനേജറോ അദ്ദേഹത്തിന്റെ പ്രതിനിധിയോ വിവിധ രേഖകളിൽ മാതാവിന്റെ വിരലടയാളം ശേഖരിക്കുന്നതിനുവേണ്ടി വീട്ടിലെത്തി.
ഇതിനുശേഷം മാത്രമാണ് അവർക്കു പെൻഷൻ ലഭിച്ചിരുന്നത്. ഇത് ഒരു ഗുരുതരപ്രശ്നമാണ്- ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. ആനുകൂല്യങ്ങൾ ഒൗദാര്യമോ ദാനമോ അല്ലെന്നും ഈ പ്രശ്നത്തിനു പരിഹാരം കാണേണ്ടത് ആവശ്യമാണെന്നും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് വൈ.വി.ചന്ദ്രചൂഡിന്റെ മകനായ ഡി.വൈ.ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.എസ്.പുട്ടസ്വാമിയുടെ അഭിഭാഷകന്റെ വാദത്തോടു പ്രതികരിക്കവെയായിരുന്നു ചന്ദ്രചൂഡിന്റെ പരാമർശങ്ങൾ. 90 വയസുള്ള വയോധികയുടെ ബാങ്ക് അക്കൗണ്ട്, ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ജസ്റ്റീസ് കെ.എസ്.പുട്ടസ്വാമിയുടെ അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയിൽ പറഞ്ഞത്.