ന്യൂഡൽഹി: ആധാർ വിവരങ്ങൾ ശേഖരിക്കാൻ അധികാരമുള്ള യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പ്രവർത്തനം താളം തെറ്റിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.
ആധാർ കാർഡിലേക്കു സ്വീകരിക്കുന്ന രേഖകൾ പലപ്പോഴും അത്യാവശ്യഘട്ടങ്ങളിൽ പ്രവർത്തനരഹിതമാകുന്നതും തിരിച്ചറിയൽ നിർണയം അസാധ്യമാകുന്നതും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിലെ വീഴ്ചയുമാണ് സിഎജി ചൂണ്ടിക്കാട്ടിയത്.
ആധാർ കാർഡുകൾ ലഭിച്ചതിനു പത്തു വർഷത്തിനു ശേഷവും വിവരങ്ങൾ ഒത്തുചേരാത്ത സാഹചര്യം നിരവധി സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ശേഖരം കൈകാര്യം ചെയ്യുന്ന യുഐഡിഎഐക്ക് തിരിച്ചറിയിൽ നിർണയത്തിൽ സംഭവിക്കുന്ന പിഴവുകൾ കണ്ടെത്തുന്നതിനു വ്യക്തമായ ഡേറ്റ ശേഖരണ നയം ഇല്ലാത്തതായി സിഎജി ചൂണ്ടിക്കാട്ടി.
യുഐഡിഎഐ റെഗുലേഷനു വിരുദ്ധമായി ബാങ്കുകൾക്കും മൊബൈൽ ഓപ്പറേറ്റേഴ്സിനും സൗജന്യമായി ഒഥന്റിക്കേഷൻ സേവനങ്ങൾ നൽകിയതായി സിഎജി കണ്ടെത്തി.
വിവിധ ഏജൻസികളും കന്പനികളും ഒഥന്റിക്കേഷനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് യുഐഡിഎഐ ഉറപ്പു വരുത്തിയിട്ടില്ല.
രഹസ്യവിവരശേഖരണ സംവിധാനങ്ങളിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളുടെ സുരക്ഷയുടെ കാര്യത്തിലും യുഐഡിഎഐ വീഴ്ചകൾ വരുത്തി.
ആധാറിന് അപേക്ഷിക്കുന്ന ഒരാൾ നിശ്ചിത കാലയളവിൽ ഇന്ത്യയിൽ കഴിഞ്ഞു എന്നു തെളിയിക്കുന്ന രേഖകളുടെ കാര്യത്തിൽ യുഐഡിഎഐ വ്യക്തത വരുത്തിയിട്ടില്ലാത്തിനാൽ ആധാർ കാർഡ് സ്വന്തമാക്കിയ എല്ലാവരും ഇന്ത്യക്കാരെന്ന് പറയാനും സാധിക്കില്ലെന്ന് സിഎജി നിരീക്ഷിച്ചു.
അപൂർണവിവരങ്ങൾ, അവ്യക്തമായ രേഖകൾ, നിലവാരം കുറഞ്ഞ ബയോമെട്രിക് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് ആധാർ കാർഡുകൾ നിർമിച്ചത് ഒരാൾക്ക് ഒന്നിലധികം തവണ വിവരങ്ങൾ നൽകുന്നതിനും ഒരാളുടെ പേരിൽ ഒന്നിലധികം കാർഡുകൾ ഉണ്ടാകുന്നതിനും ഇടയാക്കി.
പോസ്റ്റൽ വകുപ്പുമായി ശരിയായ ഏകോപനം ഇല്ലാത്തതിനാൽ കാർഡുകൾ ഉടമകളിലേക്ക് എത്തുന്നതിന് കാലതാമസം നേരിടുകയും ചില സാഹചര്യങ്ങളിൽ കാർഡുകൾ തിരികെ വരികയുമുണ്ടായി.
ബയോമെട്രിക് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റായി രജിസ്റ്റർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം യുഐഡിഎഐ ഏറ്റെടുക്കാത്തത് ജനങ്ങൾക്ക് വീണ്ടും പണം ചിലവഴിച്ച് രേഖകൾ രജിസ്റ്റർ ചെയ്യുന്നതിന് ഇടയാക്കിയതായും സിഎജി വ്യക്തമാക്കുന്നു.
എല്ലാ പൗരന്മാർക്കും ആധാർ നന്പർ നൽകാൻ 2016ൽ നിലവിൽ വന്ന സ്ഥാപനമാണ് യുഐഡിഎഐ. കഴിഞ്ഞ വർഷം ഒക്ടോബർ 31 വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് 131.68 കോടി ആളുകൾക്ക് ആധാർ കാർഡുകൾ നൽകിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കിയിരുന്നു.
രാഹുൽ ഗോപിനാഥ്