മട്ടന്നൂർ: ശരീരമാസകലം വ്രണം പിടിക്കുന്ന രോഗം ബാധിച്ചു വേദന തിന്നുകഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മട്ടന്നൂർ നഗരസഭയിലെ ഇടവേലി കാനത്തിൽ ഗീതാ നിവാസിൽ കെ.ശശിധരൻ-പി.എം. സജിനി ദമ്പതികളുടെ മകനായ ആദിദേവിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എപ്പിഡർ മോളിസിസ് ഡുള്ളോസ എന്ന രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന ആദിദേവിന്റെ ദുരിതത്തെക്കുറിച്ച് രാഷ്ട്രദീപികയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത അറിഞ്ഞ മന്ത്രി ഇന്നലെ രാവിലെ 10.30 ഓടെ ആദിദേവിന്റെ വീട്ടിലെത്തുകയായിരുന്നു. ശ്വാസകോശത്തിനുൾപ്പെടെ പ്രശ്നമുള്ളതിനാൽ വിദഗ്ധ പരിശോധന നടത്തി ചികിത്സ നൽകാൻ ആരോഗ്യ വകുപ്പ് തയാറാകും.
നിലവിലുള്ള എല്ലാ ചികിത്സാസൗകര്യവും ആദിദേവിന് നൽകുമെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ സെക്യൂരിറ്റി മിഷന്റെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽനിന്നും ആവശ്യമായ പണം അനുവദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇതുപോലുള്ള നാല് കേസുകൾ സർക്കാരിന്റെ മുന്നിൽ വന്നിട്ടുണ്ടെന്നും തിരുവനന്തപുരത്തെ ആശുപത്രിയിൽ ഒരു കുഞ്ഞ് ചികിത്സയിൽ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ഈ രോഗത്തിനു ചികിത്സ കണ്ടെത്തേണ്ടതുണ്ടെന്നും മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സംസാരിച്ച് മികച്ച ചികിത്സ കുഞ്ഞിനു നൽകുമെന്നും ശൈലജ പറഞ്ഞു. മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ. ഭാസ്കരനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജനിച്ച് അഞ്ചാം ദിവസം മുതലാണ് ആദിദേവിന് രോഗം കണ്ടുതുടങ്ങിയത്.
ശരീരത്തിൽ വലിയ കുരുപോലെ വന്നു പൊട്ടിയൊലിക്കുകയായിരുന്നു. ശരീരമൊട്ടാകെ പൊട്ടിയൊലിക്കുന്നതിനാൽ വസ്ത്രം ധരിക്കാനും കിടക്കാനും കുഞ്ഞ് പ്രയാസപ്പെടുകയാണ്. വർഷങ്ങളായി ചികിത്സ നടത്തിയെങ്കിലും രോഗം കുറയുന്നില്ല.