കണ്ണൂർ: ഇനി പരസഹായമില്ലാതെ നടക്കാനാകുമെന്നതിന്റെ ആഹ്ലാദത്തിലാണ് ആറു വയസുകാരന് ആദിദേവ്. ജന്മനാ കാലിന് ശേഷിക്കുറവുള്ള ആദിദേവിന് നടക്കാനുള്ള ഉപകരണം നല്കാന് ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ് സന്തോഷവാനായത്. പെരിങ്കരി സ്വദേശികളായ എന്‍. സുബിന -അനീഷ് ദമ്പതികളുടെ മകനാണ് ആദിദേവ്.
ആദിദേവിന്റെ പരാതി കേട്ട മന്ത്രി കെ.കെ. ശൈലജ സാമൂഹ്യസുരക്ഷാ മിഷന് വഴി ഉപകരണം അനുവദിക്കാന്‍ ഉത്തരവ് നൽകുകയായിരുന്നു.
പരസഹായം കൂടാതെ നടക്കാന്‍ സഹായകരമാകുന്ന എഎഫ്ഒ (ആങ്ക്ള്‍ ഫൂട്ട് ഓര്‍ത്തോസിസ്) എന്ന ഉപകരണമാണ് ആദിദേവിന് ലഭിക്കുക. സെറിബ്രല്‍ പാള്‍സി വിഭാഗത്തില്‍പ്പെട്ട രോഗത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ചികിത്സയിലാണ് ആദിദേവ്.
കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഫിസിയോതെറാപ്പിയും മറ്റു ചികിത്സകളും ചെയ്തുവരികയായിരുന്നു. ഇതിന് പുറമെ കാഴ്ചാവൈകല്യവും സംസാരവൈകല്യവും ഈ കുഞ്ഞിനുണ്ട്.
പല്ലുകള്‍ പൊടിഞ്ഞ് കേടുവരുന്ന രോഗത്തിന് പരിയാരം ഗവ. ആശുപത്രിയില്‍ ചികിത്സയും ചെയ്തുവരുന്നു.കൂലിപ്പണിക്കാരനായ അനീഷിന്റെ തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്.
സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇവര്‍ക്കില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഏഴു ലക്ഷം രൂപ ഇതുവരെ ചെലവായിട്ടുണ്ട്. തുടര്‍ചികിത്സയ്ക്ക് മറ്റ് വഴികളില്ലാതെ നില്ക്കുന്ന സാഹചര്യത്തിലായിരുന്നു സഹായം തേടി അദാലത്തിലെത്തിയത്.
തുടർ ചികിത്സക്ക് ആവശ്യമായ സഹായവും സാമൂഹ്യ സുരക്ഷാ മിഷൻ വഴി നൽകാൻ മന്ത്രി നിർദേശിച്ചു. അപേക്ഷയിന്മേല് അടിയന്തര നടപടിക്ക് നിര്‍ദേശം ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് ആദിദേവിന്റെ കുടുംബം.
ആര്‍ച്ചറി താരമായ അനാമികക്ക് ആര്‍ച്ചറി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന അപേക്ഷയുമായി സഹോദരി ആത്മിക സുരേഷാണ് അദാലത്തിനെത്തിയത്.
അനാമികയ്ക്ക് അമ്പെയ്ത്ത് ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.