സ്വന്തംലേഖകന്‍
കോഴിക്കോട്: രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരെ മണല്‍തരികളില്‍ അണിയിച്ചൊരുക്കി ചരിത്രനേട്ടവുമായി മലയാളി യുവതി.
കോഴിക്കോട് കുന്നമംഗലം പന്തീര്‍പ്പാടം നൊച്ചിപൊയില്‍ സ്വദേശി വടക്കേക്കര കരീമിന്റെ മകള്‍ ആദിറ മുംതാസ് ആണ് എഫോര്‍ ഷീറ്റില്‍ 14 പ്രധാനമന്ത്രിമാരെ മണലില്‍ ഒരുക്കി ഇന്ത്യബുക്സ് ഓഫ് റിക്കാര്‍ഡ് കരസ്ഥമാക്കിയത്. ആദ്യമായാണ് സാന്‍ഡ് ആര്‍ട്ടില്‍ ഇന്ത്യ ബുക്സ് ഓഫ് റിക്കാര്‍ഡ് നല്‍കുന്നത്.
എട്ടു വര്‍ഷം മുമ്പാണ് ആദിറ സാന്‍ഡ് ആര്‍ട്ടിനെക്കുറിച്ച് അറിയുന്നത്. അന്നുമുതല്‍ മണല്തരികളാല് വിവിധങ്ങളായ ചിത്രങ്ങള്‍ ആദിറ ഒരുക്കി തുടങ്ങി. ചിത്രകലയോട് ഏറെ താത്പര്യമുള്ള ആദിറയ്ക്ക് മണല്‍ ചിത്രങ്ങള്‍ എളുപ്പത്തില്‍ തയാറാക്കാന്‍ സാധിച്ചിരുന്നു.
വയനാട് വിംസ് ആശുപത്രിയില്‍ എന്‍ഡോസ്കോപ്പി വിഭാഗത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടെ പുതിയ ചിത്രകലയിലും ആദിറ തന്റേതായ ഇടം പിടിക്കാന്‍ തീരുമാനിച്ചു.
അതിനിടെയാണ് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ മണലില്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലൊരു ശ്രമം കൂടുതലാരും നടത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ഭരിച്ച 14 പ്രധാനമന്ത്രിമാരെ വരയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജവഹര്‍ലാല്‍ നെഹ്റു, ലാല്ബഹ്ദൂര് ശാസ്ത്രി, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്, രാജീവ് ഗാന്ധി, വിശ്വനാഥ് പ്രതാപ്സിംഗ്, ചന്ദ്രശേഖര്‍, പി.വി.നരസിംഹറാവു, അടല്‍ബിഹാരി വാജ്പേയ്, ദേവഗൗഡ, ഐ.കെ.ഗുജ്റാള്‍, മന്മോഹന് സിംഗ്, നരേന്ദ്രമോഡി എന്നിവരുടെ ചിത്രങ്ങള്‍ നോക്കി എഫോര്‍ ഷീറ്റില്‍ പെന്‍സില്‍കൊണ്ട് വരയ്ക്കുകയായിരന്നു. പിന്നീട് പേപ്പറില്‍ ഫെവികോള്‍ പരത്തി അതിന് മുകളില്‍ മണല്‍ വിതറിയാണ് സാന്‍ഡ് ആര്‍ട് പൂര്‍ത്തീകരിച്ചത്.
വെളളപേപ്പറില്‍ മണല്‍ ചിത്രങ്ങള്‍ തെളിഞ്ഞു കാണുന്നതിനായി എംസാന്‍ഡ് ആയിരുന്നു ഉപയോഗിച്ചത്. ഏറെ സൂക്ഷ്മതയോടു കൂടിയാണ് ഓരോ ചിത്രങ്ങളും പൂര്‍ത്തീകരിച്ചത്.
മുടിയും മുഖവും കണ്പോളകളുമെല്ലാം കൃത്യമായി മണല്‍ തരികള്ക്കൊണ്ട് പകര്‍ത്താന്‍ ആദിറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുഖത്തേയും കണ്പോളകളിലേയും ചുളിവുകള്‍ വരെ കൃത്യമായി മണല്‍കൊണ്ട് വരച്ചിടാന്‍ ആദിറയ്ക്ക് സാധിച്ചുവെന്നത് പ്രശംസനീയമാണ്.
ഒന്നരമണിക്കൂറോളം സമയം ചെലവഴിച്ചാണ് ആദിറ ഓരോ ചിത്രവും പൂര്‍ത്തിയാക്കിയത്. ഇന്ത്യ ബുക്സ് ഓഫ് അധികൃതരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസമായിരുന്നു ചരിത്രറിക്കാര്ഡ് ആദിറ രചിച്ചത്.