ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലെ മൈതാനത്ത് ഇരുഭാഗങ്ങളിലുമായി വിദ്യാര്‍ഥികള്‍ കൗതുകമൂറുന്ന കണ്ണുകളോടെ നിലയുറപ്പിച്ചു. നേരമേറെ വൈകിയില്ല മൈതാന മധ്യത്ത് നിന്ന് ഒരു “ചെറുവിമാനം’ ആകാശത്തേക്ക് കുതിച്ചു.
താണും ഉയര്‍ന്നും ചെരിഞ്ഞും പത്തു മിനിറ്റ് നേരം ആ “ചെറുവിമാനം’ കൂടിനിന്നവരെ വിസ്മയിപ്പിച്ചു. ദൂരക്കാഴ്ചയില്‍ ഒരു വിമാനം ലാൻഡ് ചെയ്യുന്നതു പോലെ തോന്നിപ്പിച്ച കാഴ്ച്ചയ്ക്ക് ഒടുവില്‍ അത് മൈതാനമധ്യത്തു വിമാനത്തിന്റെ കണ്ട്രോള് റിമോട്ടും പിടിച്ചുനിന്ന ഒരു കുരുന്നിന്റെ അടുത്തു പറന്നിറങ്ങി.
ചുറ്റും കൂടിനിന്നവര്‍ ഉച്ചത്തില്‍ വിളിച്ചു ആദിത്യന്.. ആദിത്യന്…. ചെറുവത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് മോട്ടോര്‍ മെക്കാനിക് ട്രേഡ് വിദ്യാര്‍ഥി പി.കെ. ആദിത്യനായിരുന്നു അത്. സ്വന്തമായി “ചെറുവിമാനം’ നിര്‍മിച്ചു പറപ്പിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്. ഒരുതവണ പോലും വിമാനത്തെ അടുത്തു കണ്ടിട്ടില്ലെങ്കിലും ആദിത്യന്റെ മനസില്‍ ഒരു വലിയ വിമാനം തന്നെയുണ്ടായിരുന്നു.
നിരവധി തവണ പരീക്ഷണം നടത്തി പരാജയപ്പെട്ടെങ്കിലും ഈ ഇളം മനസിലെ ശാസ്ത്രാന്വേഷണത്തിന് തളര്‍ച്ചയുണ്ടായില്ല. ആ യാത്രയുടെ പരിണിതഫലമായി ഒടുവില്‍ ഒരു കൊച്ചുവിമാനം വിജയകരമായി പറത്തിയിരിക്കുന്നു ആദിത്യൻ.
ശാസ്ത്ര സാങ്കേതികവിദ്യകളിലൂടെയുള്ള മകന്റെ കഴിവ് തിരിച്ചറിഞ്ഞ യോഗാ പരിശീലകയായ അമ്മ വി. ബിന്ദു ചെറുവത്തൂരിലെ ടെക്നിക്കല്‍ സ്കൂളില്‍ മകനെ ചേര്‍ക്കുകയായിരുന്നു. സാമ്പത്തികമായി ഭദ്രത ഇല്ലെങ്കിലും മകന്റെ ആഗ്രഹങ്ങളോടൊപ്പം യാത്രചെയ്യാന്‍ ഈ അമ്മയും ഉണ്ട്. അമ്മയുടെ പിന്തുണക്ക് പുറമെ സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ കൂടി
ലഭിച്ചതോടെ തന്റെ ആഗ്രഹങ്ങളുടെ യാത്രക്ക് വേഗം വര്‍ധിക്കുകയായിരുന്നു. ഉദുമക്കടുത്തു കോട്ടിക്കുളം കുതിരക്കോടാണ് ആദിത്യന്റെ വീട്. കൊച്ചു മിടുക്കന്റെ താത്പര്യം അറിഞ്ഞ് ഐഎസ്ആർഒ അടുത്ത സമ്മർ ക്യാമ്പിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതോടൊപ്പം മലപ്പുറത്തുള്ള ശാസ്ത്രജ്ഞൻ അലി തിരൂർ ആദിത്യനെ ഇതിനകം പുതിയ അന്വേഷണങ്ങൾക്കായി ക്ഷണിച്ചിട്ടുമുണ്ട്. ഭാവിയില്‍ സ്വന്തമായി വിമാനം നിര്മിച്ചുപറത്തണമെന്നാണ് ആദിത്യന്റെ ആഗ്രഹം.