പേരാമ്പ്ര: ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വാളൂർ ആയോളി മോഹൻദാസിന്റെ മകൾ ആദിത്യ (22)യെ ജൂൺ 20-നാണ് ഭർതൃവീട്ടിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബന്ധുക്കളും തുടർന്ന് ആക്ഷൻ കമ്മിറ്റിയും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃവീട്ടിൽ യുവതി ക്രൂരമായ ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിച്ചതായും കാണിച്ച് പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മരണം നടന്ന് ഒരു മാസക്കാലമായിട്ടും പോലീസ് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാണ് ആരോപണം.
മോഹൻദാസും ഭാര്യ ശാരദയും പറയുന്നത് മകളെ കൊല ചെയ്തതാണെന്നാണ്. രണ്ട് വർഷം മുമ്പ് ആദിത്യയും കായണ്ണ ചാലിൽ ദിപിനേഷും പ്രണയ വിവാഹം കഴിക്കുകയായിരുന്നു. ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരിയും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നതായി ഇവർ ആരോപിച്ചു.
പല ദിവസങ്ങളിലും മകളെ പട്ടിണിക്കിട്ടു. ഭർതൃമാതാവ് തൊഴിലുറപ്പിനു പോകുമ്പോൾ അടുക്കള പൂട്ടിയാണ് പോകാറ്. അതുകൊണ്ട് മകൾക്ക് താനാണ് ചോറു കൊണ്ടുക്കൊടുക്കാറെന്നും മോഹൻദാസ് പറഞ്ഞു.
വീട്ടിലെ പീഡനവിവരം അയൽക്കാരോടും കുടുംബശ്രീ പ്രവർത്തകരോടുമെല്ലാം ആദിത്യ പറഞ്ഞിരുന്നു. ഇവരുടെ ഇടപെടൽ ഉണ്ടായിട്ടും പീഡനം തുടർന്നു. ഈ കാര്യങ്ങളെല്ലാം പോലീസിനെ ബോധിപ്പിച്ചിട്ടും കുറ്റവാളികൾക്കെതിരെ നടപടി ഇല്ലെന്ന് ആക്ഷൻ കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്നു.
കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ മുണ്ടോളി ചന്ദ്രൻ, കൺവീനർ രാജേഷ് വയപ്പുറത്ത് താഴെ, ടി. കെ. പ്രസീത്, വി. ടി. ബാലൻ, ഇ. കെ. ബാലൻ, വി. എം. സുരേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.