കൊച്ചി: കോവിഡനന്തരം കുട്ടികളില്‍ അപൂര്‍വമായി കാണുന്ന മള്‍ട്ടിസിസ്റ്റം ഇന്ഫ്ളമറ്ററി സിന്‍ഡ്രം എന്ന അതീവ സങ്കീര്‍ണമായ ഹൃദ്രോഗത്തില്‍നിന്നു പതിനൊന്നു വയസുകാരന് സാധാരണ ജീവിതത്തിലേക്ക്.
വടക്കന്‍ പറവൂര്‍ കെടാമംഗലം സ്വദേശിയായ ആദി ഇടപ്പള്ളി അമൃത ആശുപത്രിയിലെ ചികിത്സയിലൂടെയാണു ജീവിതത്തിലേക്കു തിരിച്ചെത്തിയത്.
എക്സ്ട്രാ കോര്‍പ്പറല്‍ മെംബ്രണ്‍ ഓക്സിജിനേഷന്‍ (ഇസിഎംഒ) ചികിത്സയാണ് അമൃതയില്‍ നടത്തിയത്.
ബൈപാസ് മെഷീന് ഉപയോഗിച്ച് നടത്തുന്ന ഹൃദയ ശ്വാസകോശ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് സമാനമായ ചികിത്സാരീതിയാണ് ഇസിഎംഒയെന്ന് ആദിയെ ചികില്‍സിച്ച ഡോക്ടര്‍മാർ പറഞ്ഞു.
കോവിഡനന്തരം ഹൃദയ പേശികള്‍ തകരാറിലായി വീക്കം സംഭവിച്ചു രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ കുട്ടിയുടെ രക്തസമ്മര്‍ദം അപകടനിലയിലേക്ക് താഴ്ന്നിരുന്നു.
അമൃതയിലെ റൂമറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആന്‍ഡ് പീഡിയാട്രിക് റൂമറ്റോളജിസ്റ്റ് ഡോ. സുമ ബാലന്, പീഡിയാട്രിക് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സാജിത് കേശവന്, ഡോ. കെ. മഹേഷ് എന്നിവര്‍ ചികിത്സയ്ക്കു നേതൃത്വം നല്കി.