അടിമാലി: വാളറ കുളമാൻകുഴി ആദിവാസി കുടിയിൽ ജീവനൊടുക്കാൻ ശ്രമിച്ച രണ്ടു പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടിയിലെ ചന്ദ്രികയുടെ മകൾ കൃഷ്ണപ്രിയ (17 )യെയാണ് ഇന്നലെ രാവിലെ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ 21-കാരിയാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
പോലീസ് പറയുന്നതിങ്ങനെ: സദാസമയവും മൊബൈൽ ഫോൺ നോക്കിയിരിക്കുന്ന കൃഷ്ണപ്രിയയെ മാതാപിതാക്കൾ വഴക്കുപറഞ്ഞു. ഇതിനുശേഷം സമീപത്തുള്ള വീട്ടിലെ ബന്ധുവായ പെണ്‍കുട്ടിയെയും കൃഷ്ണപ്രിയയെയും കഴിഞ്ഞ 11 മുതൽ കാണാതായിരുന്നു.
അന്വേഷണത്തിൽ പെണ്‍കുട്ടികൾ ഫോണിലൂടെ ബന്ധുക്കൾക്കു സന്ദേശം അയച്ചതായി വിവരം ലഭിച്ചു. സ്ഥലം വ്യക്തമാക്കിയിരുന്നില്ല. ഇതോടെ 12ന് വൈകുന്നേരം ബന്ധുക്കൾ അടിമാലി പോലീസിൽ പരാതി നൽകി.
രാത്രിയോടെ ഇരുവരും 21കാരിയുടെ വീട്ടിൽ തിരിച്ചെത്തിയതായി കുടിയിൽ താമസിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജുവിനെ പെണ്‍കുട്ടികൾ തന്നെ അറിയിച്ചു.
വീടുകളിലെത്തിയ ഇവരെ ഇന്നലെ അടിമാലിയിൽ കൗണ്‍സലിംഗിനു കൊണ്ടുപോകാൻ തീരുമാനിച്ചു. ഇതിനിടെയാണ് ഇരുവരും ആത്മഹത്യക്കു ശ്രമിച്ചത്.
കൃഷ്ണപ്രിയ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് 21കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
കൗൺസലിംഗിനു പോകാൻ തീരുമാനിച്ച ശേഷമുള്ള ആത്മഹത്യാശ്രമം ദുരൂഹതയുണർത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അടിമാലി സിഎച്ച്ഒ അനിൽ ജോർജ് പറഞ്ഞു.