മട്ടന്നൂർ: അപൂർവ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരൻ സർക്കാരിന്റെ സഹായത്തിനു കാത്തിരിക്കാതെ യാത്രയായി. മട്ടന്നൂർ നഗരസഭയിലെ ഇടവേലി കാനത്തിൽ ഗീതാ നിവാസിൽ കെ.ശശിധരൻ -പി.എം. സജിനി ദമ്പതികളുടെ ഇളയ മകനായ ആദിദേവാണ് മരണത്തിനു കീഴടങ്ങിയത്. രോഗം കൂടിയതിനാൽ ഇന്നലെ രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
എപ്പിഡർ മോളിസിസ് ഡുള്ളോസ രോഗം ബാധിച്ചായിരുന്നു ആദിദേവ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. പ്രസവിച്ചു അഞ്ചാം ദിവസം മുതലാണ് കുഞ്ഞിനു രോഗം കണ്ടു തുടങ്ങിയത്. ശരീരത്തിൽ വലിയ കുരു പോലെ വന്നു പൊട്ടിയൊലിക്കുകയായിരുന്നു. ശരീരമൊട്ടാകെ പൊട്ടിയൊലിക്കുന്നതിനാൽ വസ്ത്രം ധരിക്കാനും കിടക്കാനും കുഞ്ഞ് പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചു മാസങ്ങളോളം കിടത്തി ചികിൽസ നടത്തിയെങ്കിലും രോഗം കുറഞ്ഞില്ല. തുടർന്നു പരിയാരം, മണിപ്പാൽ , കോഴിക്കോട്, തിരുവനന്തപരം മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ കൊണ്ടുപോയി ചികിൽസ നടത്തിയെങ്കിലും രോഗം കുറയുകയോ ഭേദമാകുകയോ ചെയ്തില്ല.
കുട്ടിയുടെ ദുരിതത്തെക്കുറിച്ചു കഴിഞ്ഞ മാർച്ച് 22നു രാഷ്ട്രദീപികയിൽ ഫോട്ടോ സഹിതം വാർത്ത പ്രസിദീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വീട്ടിലെത്തി കുട്ടിയെ സന്ദർശിക്കുകയും ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
കുട്ടിയുടെ ചികിത്സയ്ക്കായി മാസം തോറും 10,000 രൂപ നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും സഹായം ലഭിക്കുന്നതിനു മുമ്പാണ് ആദിദേവ് യാത്രയായത്. നാട്ടുകാരുടെ സഹായം ലഭിച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജുകളിൽ കൊണ്ടുപോയി ചികിൽസ നടത്തിയിരുന്നു.സഹോദരി: അനാമിക. രാവിലെ പത്തോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.