തലയോലപ്പറന്പ്: പതിമൂന്നുകാരന്റെ ധീരത റെയിൽവേ ട്രാക്കിൽ ബോധരഹിതനായി കിടന്ന മധ്യവയസ്കനു രക്ഷയായി.
പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം തോന്നല്ലൂർ ശ്രാങ്കുഴി കട്ടിംഗിലെ പാളത്തിൽ വീണുകിടന്ന ശ്രാങ്കുഴിയിൽ മോഹന (60)നാണ് പതിമ്മൂന്നുകാരന്റ ധീരതയിൽ ജീവിതത്തിലേക്കു തിരിച്ചുവന്നത്.
തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു – അന്പിളി ദന്പതികളുടെ മകൻ വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആദിൽ സിജുവാണ് പാളത്തിൽ വീണ് ചോര വാർന്നുകിടന്ന മോഹനനെ രക്ഷിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ആദിലും അനിയൻ ആദർവും വീടിന് സമീപം റെയിൽവേ ട്രാക്കിന് താഴെയുള്ള പാടത്ത് ചൂണ്ടയിടാൻ പോയപ്പോഴാണ് ഒരാൾ ട്രാക്കിൽ തലയിടിച്ച് വീണു രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്.
ഇതേസമയം, എറണാകുളം ഭാഗത്തുനിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന കൊച്ചുവേളി എക്സ്പ്രസിന്റെ ചൂളംവിളി കാഞ്ഞിരമറ്റത്തു നിന്നും കേട്ടു.
ആദിൽ ഉടൻതന്നെ മോഹനനെ ട്രാക്കിൽനിന്നു വലിച്ചു മാറ്റി, അപ്പോഴേക്കും ട്രെയിനും പാഞ്ഞുപോയി.
തുടർന്ന് കുട്ടികൾ ബഹളം വച്ച് ആളുകളെക്കൂട്ടി മോഹനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദിലിനെ 15ന് കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന യോഗത്തിൽ അനുമോദിക്കുമെന്നു സ്കൂൾ മാനേജർ കെ.ആർ. അനിൽകുമാർ, പിടിഎ പ്രസിഡന്റ് ജയൻ മൂർക്കാട്ടിൽ, ഹെഡ്മിസ്ട്രസ് എസ്. ഗീത എന്നിവർ പറഞ്ഞു.