അടിമാലി: നുഴഞ്ഞുകയറ്റക്കാരെ തടയാൻ ആദിലിന്റെ ഡ്രോണ്‍ തയാർ. അതിർത്തിയിലെ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ വരെ തന്റെ ഡ്രോൺ ഉപയോഗിക്കാമെന്ന് ഈ എൻജിനിയറിംഗ് വിദ്യാർഥി പറയുന്നു. മൂന്നു കിലോമീറ്റർ ഉയരത്തിൽനിന്ന് അതിർത്തിക്കപ്പുറമുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തിരിച്ചറിഞ്ഞു നിർദേശം ലഭിക്കുന്ന മുറയ്ക്കു വെടിവയ്പിലൂടെ നുഴഞ്ഞുകയറ്റം നീക്കം തടയാമെന്നാണ് ബൈസണ്‍വാലി സ്വദേശിയും തമിഴ്നാട്ടിലെ അക്ഷയ എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥിയുമായ ആദിൽ പറയുന്നത്.
നൂതന കണ്ടുപിടിത്തങ്ങളുമായി ശാസ്ത്രലോകത്തു ശ്രദ്ധേയനാകുകയാണ് ഹൈറേഞ്ചിൽനിന്നുള്ള ശാസ്ത്രപ്രതിഭ. സ്വന്തമായി റോബോട്ട് നിർമിച്ചതിനു പിന്നാലെ അതിർത്തിയിൽ ശത്രുപാളയത്തെ തകർക്കാൻ കെല്പുള്ള ഡ്രോണ്‍ നിർമിച്ചാണ് ആദിൽ ശ്രദ്ധേയനാകുന്നത്. ബൈസണ്‍വാലി കണ്ടംകുളത്ത് സന്തോഷിന്റെയും മിനിയുടെയും ഇളയ മകനാണ് ആദിൽ.
മനുഷ്യനുമായി ഇടപഴകുംവിധം 2018ൽ ആദിൽ നിർമിച്ച റോബോട്ടായിരുന്നു ഈ പത്തൊന്പതുകാരന്റെ കണ്ടുപിടിത്തത്തിൽ ആദ്യത്തേത്. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിൽ ഇതിന് ബെസ്റ്റ് ഇന്നോവേഷൻ അവാർഡും ലഭിച്ചു.
അടുത്തയിടെ ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ മറ്റു രണ്ടു പരീക്ഷണങ്ങളാണ് ആദിൽ ഇപ്പോൾ ശാസ്ത്രലോകത്തിനുമുന്പിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. പുൽവാമ ആക്രമണത്തിനു ശേഷം അതിർത്തിയിലെ നുഴഞ്ഞുകയറ്റം എങ്ങനെ ചെറുക്കാമെന്ന ചിന്തയിൽനിന്നാണ് പുതിയ കണ്ടുപിടിത്തത്തിന്റെ ജനനം.
നുഴഞ്ഞുകയറ്റം തടയാൻ ജഡായുവെന്ന കുഞ്ഞൻ ഡ്രോണും പ്രകൃതിദുരന്തങ്ങളിലും മറ്റും പ്രയോജനപ്പെടുത്താവുന്ന മൃത്യുഞ്ജയ എന്ന മറ്റൊരു ഡ്രോണുമാണ് നിർമിച്ചിരിക്കുന്നത്. അവശ്യഘട്ടങ്ങളിൽ മരുന്നും ഭക്ഷണവുമായി മൂന്നു കിലോമീറ്ററോളം ദൂരത്തിൽ മൃത്യുഞ്ജയയെ പറപ്പിക്കാൻ സാധിക്കുമെന്ന് ആദിൽ പറയുന്നു.
ജഡായുവെന്ന ഡ്രോണ്‍ അതിർത്തിയിൽ സൈനിക സുരക്ഷയ്ക്കായി ഉപയോഗിക്കാമെന്നാണ് ആദിലിന്റെ അവകാശവാദം. മൂന്നു കിലോമീറ്റർ ഉയരത്തിൽനിന്ന് അതിർത്തിക്കപ്പുറമുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തിരിച്ചറിയാൻ ഇതിനു ശേഷിയുണ്ട്.
നിർദേശം ലഭിക്കുന്ന മുറയ്ക്കു വെടിവയ്പിലൂടെ ഭീകരനീക്കം തടയാമെന്നും ആദിൽ പറയുന്നു. തന്റെ കണ്ടുപിടിത്തം ഡിആർഡിഒയ്ക്കു സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ പ്രതിഭ.