കരുവാറ്റ: ആരെയും മോഹിപ്പിക്കുന്ന മുടി മുറിച്ചുകൊടുത്തപ്പോൾ മൂന്നാം ക്ലാസുകാരൻ ആദിഷിന്റെ ഉള്ളിൽ സങ്കടമല്ല, സന്തോഷം.
വേദനിക്കുന്നവർക്ക് തന്നാലാവുന്ന സഹായം ചെയ്യാൻ കഴിഞ്ഞു എന്നതിലെ സന്തോഷമാണ് താൻ ഏറെ കാത്തുസൂക്ഷിച്ച മുടി കാൻസർ രോഗികൾക്ക് കൊടുത്തപ്പോൾ ആ കൊച്ചു മനസിനെ ആവേശംകൊള്ളി ക്കുന്നത്.
കരുവാറ്റ വാലുചിറയിൽ രാജീവ്ജിയുടെയും ആതിരയുടെയും മകനാണ് ആദിഷ്. കരുവാറ്റ സെന്റ് ജോസഫ് എൽപി സ്കൂളിൽ നടത്തിയ കാൻസർ ബോധവത്കരണ ക്ലാസാണ് ഈ നീക്കത്തിനു വഴിതെളിച്ചത്.
ക്ലാസ് നയിച്ച ഡോ. ആൻലി റോസ് ലാലുവിന്റെ വാക്കുകളാണ് ഈ കുരുന്നിന്റെ ഉള്ളിൽ അർബുദ രോഗികൾക്ക് മുടി മുറിച്ച് നൽകാൻ പ്രേരണയായതെന്ന് ആരോഗ്യ ക്ലബ് കോ-ഓർഡിനേറ്റർ വർഷ വർഗീസ് പറഞ്ഞു.
മുൻവർഷങ്ങളിലും മുടി മുറിച്ചുനൽകിയിട്ടുണ്ടെങ്കിലും ഇത്തവണ ഏറെ ശ്രദ്ധയോടെയാണ് മുടി വളർത്തിയതും മുറിച്ചുനൽകിയതുമെന്ന് മാതാപിതാക്കളായ രാജീവും ആതിരയും പറഞ്ഞു.