ശ്രീനഗർ: ഐഎസ് ഭീകരസംഘടനയിൽ ചേരുന്നതിനായി സിറിയയിൽ എത്തിയ കാഷ്മീരി യുവാവ് യുഎസ് സൈന്യത്തിന്റെ പിടിയിൽ. ആദിൽ അഹമ്മദ് എന്ന യുവാവാണ് യുഎസ് സഖ്യ സൈന്യത്തിന്റെ പിടിയിലായത്. ആദിലിനെ തിരികെ എത്തിക്കണമെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
2013-ലാണ് ആദിൽ ഐഎസിൽ ചേരുന്നത്. ഇതിനുശേഷം ഇയാൾ സിറിയിലേക്കു പോയി. ഒരു എൻജിഒയിൽ പ്രവർത്തിക്കാൻ എന്ന വ്യാജേനയായിരുന്നു ഇയാളുടെ യാത്ര. സിറിയയിൽ എത്തിയ ആദിൽ ഒരു ഡച്ച് സ്ത്രീയെ വിവാഹം ചെയ്തു. ഇവരും ഐഎസിൽ ചേരാൻ എത്തിയതായിരുന്നു.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ എംബിഎ പൂർത്തിയാക്കിയ ശേഷമാണ് ആദിൽ ഐഎസിൽ ചേരുന്നതെന്നാണു വിവരം. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് തുർക്കി വഴിയാണ് ഇയാൾ സിറിയയിൽ എത്തുന്നത്. ഓസ്ട്രേലിയയിൽ വച്ചു തന്നെ ഇയാൾക്ക് തീവ്ര മതസംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു.
ആദിലിന്റെ അറസ്റ്റ് സംബന്ധിച്ച് ഭാര്യയായ ഡച്ച് വനിതയാണ് കുടുംബത്തിനു വിവരം നൽകിയത്. ഇതേതുടർന്നാണ് ആദിലിന്റെ പിതാവ് ജമ്മു കാഷ്മീർ ഭരണകൂടത്തെ സമീപിച്ചത്. ആദിലിന്റെ ഒരു മകൻ സിറിയയിൽ സ്ഫോടനത്തിൽ മരിച്ചിട്ടുണ്ടെന്നും മറ്റൊരു മകൻ യുഎസ് സഖ്യ സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും കുടുംബം അറിയിച്ചു.