മുക്കം: പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ആദിവാസികളെ തിരുവമ്പാടി റബര്‍ എസ്റ്റേറ്റില്‍ കഠിനാധ്വാനം ചെയ്യിപ്പിക്കുന്നു. രക്ഷിതാക്കള്‍ക്കൊപ്പം ഒട്ടുപാല് ശേഖരിക്കുന്നതും തങ്ങളേക്കാള്‍ വലിപ്പമുള്ള ചാക്കുകള്‍ ചുമക്കുന്നതുമെല്ലാം പിഞ്ചുകുട്ടികള്‍ ഉള്‍പ്പെട്ട സംഘം.
ആദിവാസികള്‍ക്കായി കോടികള്‍ ചിലവഴിക്കുന്നതായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊട്ടിഘോഷിക്കുമ്പോഴാണ് എസ്റ്റേറ്റില്‍ രാപ്പകലില്ലാതെ ഇവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. ഒന്നര വയസിനും 14 വയസിനും ഇടയ്ക്ക് പ്രായമുള്ള ആറ് കുട്ടികളാണ് രക്ഷിതാക്കള്‍ക്കൊപ്പം എസ്റ്റേറ്റിലെ മണ്ണൊട്ടുപാല് ശേഖരിക്കുന്നത്. മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരും ആറ് മക്കളുമാണ് സംഘത്തിലുള്ളത്.
നിലമ്പൂർ അപ്പങ്കാപ്പ് ആദിവാസി കോളനിയിലെ ആദിവാസികളാണിവർ. കഴിഞ്ഞ ഏഴ് വർഷമായി ആദിവാസികളാണ് എസ്റ്റേറ്റിലെ മണ്ണൊട്ടുപാൽ ശേഖരിക്കുന്നത്. നിലമ്പൂർ സ്വദേശിയായ ജാഫറാണ് മണ്ണൊട്ടുപാൽ ശേഖരിക്കുന്നതിനായി കരാർ എടുത്തിരിക്കുന്നത്. ഇയാളുടെ നേതൃത്വത്തിലാണ് നിലമ്പൂരിൽ നിന്ന് ആദിവാസികളെ എസ്റ്റേറ്റിലെത്തിക്കുന്നത്. പുറത്തുള്ളവർക്ക് കരാർ കൊടുക്കുന്നതിനാൽ സംഭവത്തിൽ എസ്റ്റേറ്റ് അധികൃതർക്ക് പങ്കില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇവരിൽ പലരും ഇതുവരെ ഒരു സ്കൂളിൽ പോലും പോയിട്ടില്ല. മക്കൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് രക്ഷിതാക്കൾ തന്നെ പറയുന്നു. എസ്റ്റേറ്റിലെ മറ്റു തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രദേശവാസികളും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തിയത്. പുറത്തു നിന്നുള്ളവർ വരുന്നത് ശ്രദ്ധയിൽപ്പെട്ട കാരാറുകാരൻ കുട്ടികളോട് ഓടിമറയാൻ പറയുകയും ചെയ്തു. കരാറുകാരന്റെ വാക്കു കേട്ടയുടനെ കുട്ടികൾ ഓടി മറയുകയും ചെയ്തു .
ഒരു ദിവസത്തെ കൂലിയെത്രയാണെന്നോ അതിന് റെഅടിസ്ഥാനമെന്താണെന്നോ ആദിവാസികൾക്കറിയില്ല. കരാറുകാരൻ കൊടുക്കുന്നത് വാങ്ങും. എത്ര രൂപ കൂലി കിട്ടുമെന്ന ചോദ്യത്തിന് അത് അദ്ദേഹം കണക്കാക്കി തരുമെന്നായിരുന്നു മറുപടി. ദിവസവും ചെലവിനുള്ള ചെറിയ തുക നൽകും.
മാസത്തിലോ രണ്ടുമാസം കൂടുമ്പോഴോ ആണ് ഇവർ നാട്ടിൽ പോകുന്നത്. മൂന്ന് മാസം കഴിഞ്ഞപ്പോൾ 6000 രൂപ തന്നുവെന്ന് ഒരു ആദിവാസി സ്ത്രീ പറഞ്ഞു. ഇത്തരത്തിൽ കുറഞ്ഞകൂലി നൽകി കരാറുകാരൻ ഇവരെ വർഷങ്ങളായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. നാട്ടിൽ പോകുമ്പോൾ എസ്റ്റേറ്റിലെ മണ്ണൊട്ടുപാൽ ശേഖരിക്കുന്നതിനായി നിലമ്പൂരിൽ നിന്നാണ് ഇവരെ കൊണ്ടുവന്നത്. കഴിഞ്ഞ ഏഴ് വർഷമായി നിലമ്പൂർ സ്വദേശിയായ ജാഫറാണ് ഇവരെ എസ്റ്റേറ്റിലെത്തിക്കുന്നത്.
പോലിസിന്റെ ഗുരുതര കൃത്യവിലോപം
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തിരുവമ്പാടി പോലീസിൽ വിവരമറിയിച്ചങ്കിലും അവിടെ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്.തുടർന്ന് മാധ്യമ പ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് പോലിസ് വരാനെങ്കിലും തയാറായത്. വന്ന ഉടനെ കുട്ടികളെ കണ്ടില്ലെന്നുപറഞ്ഞ് തിരിച്ചുപോവുകയും ചെയ്തു.
എസ്ടി പ്രമോട്ടർമാർ എന്ത് ചെയ്യുന്നു..?
ആദിവാസികളുടെ ക്ഷേമത്തിനായി നിയോഗിച്ച എസ്ടി പ്രമോട്ടർമാരും ഈ സംഭവം അറിഞ്ഞ മട്ടില്ല. ആഴ്ചയിലൊരിക്കലെങ്കിലും മുഴുവൻ കോളനികളിലും സന്ദർശനം നടത്തിയാൽ പോലും ഇവരുടെ കണക്കുകളും മറ്റും അറിയാനാവും. എന്നാൽ വർഷങ്ങളായി കൂടുതൽ സമയവും വീട്ടിൽ ഇല്ലാതിരുന്നിട്ടും എസ്ടി പ്രമോട്ടർമാർ ഇത് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്തില്ലേ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.