മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസികോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത മിക്ക കോളനികളും രോഗങ്ങളുടെയും പകർച്ചവ്യാധികളുടെ പിടിയിലാണ്. അട്ടപ്പാടിയിലെ വിവിധ ആദിവാസി കോളനികളിൽ പോഷകാഹാരക്കുറവു പരിഹരിക്കാൻ നടപടിയുമായി സർക്കാർ നീങ്ങുന്പോഴും പല കോളനികളും അവഗണനയിലാണ്.
മലയർ, മുടുകർ, കാട്ടുനായ്ക്കർ വിഭാഗത്തിൽപെട്ട ആദിവാസികൾ താമസിക്കുന്ന 25 കോളനികളാണ് മണ്ണാർക്കാട്, തെങ്കര, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളിലുള്ളത്. അഞ്ച് മലയർകോളനിയും മൂന്നു മുടുകർ കോളനിയും 15 കാട്ടുനായ്ക്കർ കോളനികളിലുമായി നിരവധി ആദിവാസി കുടുംബങ്ങളുമാണുള്ളത്.
ഈ കോളനികളിൽ മിക്കതിലും ഗതാഗതം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നു മാത്രമല്ല വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്.ഭൂരിഭാഗം ആദിവാസി കോളനികളിലെയും വീടുകൾ നിർമാണം പാതിവഴിയിലാണെന്ന് മാത്രമല്ല പൂർത്തിയായവ പലതും തകരും ചെയ്യുന്നു.
ആദിവാസി ക്ഷേമത്തിനായി സർക്കാർ നല്കുന്ന ഫണ്ടുകൾ ഇടനിലക്കാർ കൊണ്ടുപോകുന്നതായും പരാതിയുണ്ട്.
കാട്ടിൽനിന്ന് പച്ചമരുന്ന്, തേൻ മുതലായവ ശേഖരിച്ചു വില്പനനടത്തി ഉപജീവനം നയിക്കുന്ന കുടുംബങ്ങളിൽ രോഗങ്ങളും വ്യാപകമാണ്. ആനമൂളി ആദിവസികോളനിയിൽ അരിവാൾരോഗം കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. മന്തുരോഗവും പോഷകാഹാരക്കുറവും പല കോളനിയിലും ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
തെങ്കര ഹനുമന്തമൂല ഉൾപ്പെടെയുള്ള കോളനികളിൽ കാട്ടാനശല്യം രൂക്ഷമാണ്. പ്രാക്്തനഗോത്ര വിഭാഗത്തിൽപെട്ട ഈ ആദിവാസി കോളനികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി സർക്കാർ നൂറുകോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഗുണമില്ലാത്ത സ്ഥിതിയാണ്. കോളനികളിൽ വിദ്യാഭ്യാസ സൗകര്യവും കുറവാണ്. നിലവിൽ ആംഗൻവാടികൾപോലും പല കോളനികളിലുമില്ല. കോടികളുടെ ഫണ്ട് ഓരോവർഷവും നഷ്ടമാകുന്പോഴും ആദിവാസി ക്ഷേമപ്രവർത്തനത്തിന് ആരും നടപടിയെടുക്കുന്നില്ലത്രേ.