വെള്ളമുണ്ട: സ്വന്തമായൊരു കൂരയ്ക്കായുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ എട്ട് മാസം ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി ആദിവാസി യുവാവ് തെരുവിലിറങ്ങി. വെള്ളമുണ്ട പഞ്ചായത്തിലെ മഴുവന്നൂർ ഇല്ലത്ത് കോളനിയിലെ വിഷ്ണുവാണ് ഭാര്യ ലക്ഷ്മി അഞ്ച് വയസിന് താഴെ മാത്രം പ്രായമുള്ള മക്കളായ ശിവനന്ദു, വിവേക് എന്നിവരുമായി ഇന്നലെ രാവിലെ മുതൽ തരുവണ വെയിറ്റിംഗ് ഷെഡിൽ അഭയം തേടിയത്. സ്വന്തമായി റേഷൻ കാർഡുപോലും ഇനിയും ലഭിക്കാത്ത കുടുംബത്തിന്റെ ദൈന്യത പട്ടിക വർഗ വികസനവകുപ്പിന്റെ അവകാശവാദങ്ങൾക്ക് നേരെയുള്ള ചോദ്യചിഹ്നമാണ്.
മീനങ്ങാടി സ്വദേശിയായ വിഷ്ണു ഒന്പത് വർഷം മുന്പാണ് തരുവണയിലെത്തി ലക്ഷ്മിയെ വിവാഹം ചെയ്തു കോളനിയിൽ താമസമാരംഭിച്ചത്. സ്ഥലപരിമിതി കാരണം വീർപ്പു മുട്ടുന്ന കോളനിയിൽ ബന്ധുവീടുകളിലായാണ് ഇതുവരെയും താമസിച്ചത്.
നിലവിൽ താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടിൽ ഒന്പത് കുടുംബങ്ങളാണുള്ളത്. ഇതിലൊരു കുടംബത്തിലെ സ്ത്രീ കഴിഞ്ഞ ദിവസം പ്രസവിച്ചതോടെ വീട്ടിൽ കഴിയാൻപറ്റാത്ത അവസ്ഥ വന്നു. തുടർന്ന് വീട്ടുകാർ വിഷ്ണുവിനോടും കുടുംബത്തോടും വീട് വിട്ടിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
അങ്ങനെയാണ് ഇന്നലെ രാവിലെ മുതൽ തരുവണ ബസ് വെയിറ്റിംഗ്ഷെഡിൽ താമസമാരംഭിച്ചത്. ആദിവാസി കുടുംബം തരുവണയിൽ താമസിക്കുന്ന വിവരം വെള്ളമുണ്ട ട്രൈബൽ ഓഫീസറെയും പ്രൊമോട്ടറെയും അറിയിച്ചെങ്കിലും രാത്രിയിലും ഇവർ തിരിഞ്ഞു നോക്കിയില്ല.
തുടർന്ന് വാർഡ് മെംബറും വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി താത്കാലികമായി കുടുംബത്തെ കോളനിയിലെതന്നെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. വീടിനായി ഇവർ പലപ്പോഴായി നിരവധി ഓഫീസുകൾ കയറിയിറങ്ങിയിട്ടുണ്ട്.
പഞ്ചായത് ഓഫീസിലും ട്രൈബൽ വകുപ്പിലും നിരവധി തവണ അപേക്ഷയും നൽകി. കുടുംബത്തിന് റേഷൻ കാർഡ് ശരിയാക്കി നൽകാൻ പോലും പ്രമോട്ടർക്ക് ഇത് വരെയും സാധിച്ചിട്ടില്ല. നിരവധി ആദിവാസിക്ഷേമ പദ്ധതികൾ കോടികൾ ചെലവഴിച്ച് നടപ്പാക്കുന്പോഴാണ് തലചായ്ക്കാനിടമില്ലാതെ പട്ടികവർഗ േകുടുംബം തെരുവിൽ കഴിയുന്നത്.