സ്വന്തം ലേഖകൻ
മുളംകുന്നത്തുകാവ്: കടുത്ത വയറുവേദനയെ തുടർന്ന് 18 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റൽ അധികൃതർ മുങ്ങിയതായി പരാതി. ഇന്നലെ വൈകീട്ടാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വിക്ടോറിയ കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർഥിനിയെയാണ് ഇവർ ആശുപത്രിയിൽ കൊണ്ടുവന്ന് തള്ളി കടന്നുകളഞ്ഞത്.
കോളജിൽ ക്ലാസിലിരിക്കുന്പോഴാണ് പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായത്. തുടർന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പാലക്കാട്ടെ ആശുപത്രിയിലും അവിടെ നിന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുവരികയായിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ കോളജിലെ ഹോസ്റ്റൽ വാർഡനും പെണ്‍കുട്ടിയുടെ സഹപാഠിയും ചേർന്നാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.
ഒപി ടിക്കറ്റ് മാത്രം എടുത്തു കൊടുത്ത ശേഷം ഹോസ്റ്റൽ വാർഡൻ വന്ന വാഹനത്തിൽ തന്നെ മടങ്ങുകയായിരുന്നു. കൂടെവന്ന സഹപാഠി പെണ്‍കുട്ടിക്ക് കൂട്ടിരിക്കാമെന്ന് പലതവണ പറഞ്ഞെങ്കിലും വാർഡൻ സമ്മതിച്ചില്ലത്രെ. ഹോസ്റ്റലിൽ മടങ്ങിയെത്തിയ സഹപാഠി വാർഡൻ പെണ്‍കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി തള്ളിയ കാര്യം മറ്റുള്ള കുട്ടികളോടു പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ ഹോസ്റ്റലിലെ കുട്ടികളും കോളജ് വിദ്യാർഥികളും സംഘടിച്ചെത്തി വാർഡൻ അടക്കമുള്ളവരെ ഉപരോധിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കാര്യങ്ങൾ സംസാരിക്കാൻ സമയമേറെ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരാരും എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ കൂടെ വന്നവരെ അന്വേഷിച്ചപ്പോഴാണ് ആരും സ്ഥലത്തില്ലെന്നും കൊണ്ടുവന്നവർ മുങ്ങിയെന്നും മനസിലായത്.
പെണ്‍കുട്ടിക്കൊപ്പം ആരുമില്ലെന്ന് ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ വിവരം ആശുപത്രിയിലെ ട്രൈബൽ പ്രമോട്ടർ ബിനേഷിനെ അറിയിച്ചു. രാത്രി ഏഴുമണിക്ക് ബിനേഷ് ഹോസ്റ്റൽ അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവഗണനയാണ് അവരുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് പറയുന്നു. പെണ്‍കുട്ടിക്ക് ഒരു ഗ്ലാസ് വെള്ളം പോലും വാങ്ങിക്കൊടുക്കാതെയാണ് ഹോസ്റ്റൽ വാർഡൻ തിരക്കുപിടിച്ച് തിരിച്ചുപോയതെന്ന് പറയുന്നു.
രാത്രി ബിനേഷ് പെണ്‍കുട്ടിയുടെ വിവരങ്ങളും വിലാസവും ശേഖരിച്ച് അട്ടപ്പാടിയിലുള്ള വീട്ടിലേക്ക് വിളിച്ച് വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് രാത്രി പതിനൊന്നരയോടെ അട്ടപ്പാടിയിലെ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി.
ടാക്സി വിളിച്ചെത്തിയ ഇവർക്ക് ടാക്സിക്ക് നൽകാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ല. ഇതിനിടെ കോളജ് ഹോസ്റ്റലിലെ ഒരു സംഘം വിദ്യാർഥികളും ആശുപത്രിയിൽ സഹായത്തിനായി എത്തി. പാലക്കാട് വിക്ടോറിയ കോളജിലും ഹോസ്റ്റലിലും ഇന്നു രാവിലെയും വിദ്യാർഥികൾ ഈ വിഷയം ഉന്നയിച്ച് സമരം നടത്തും.
ആദിവാസി പെണ്‍കുട്ടിയോട് കോളജ് അധികൃതർ കാണിച്ച അവഗണന വ്യാപക പ്രതിഷേധമുയർത്തിയിട്ടുണ്ട്. ഹോസ്റ്റൽ അധികൃതർക്കെതിരെ പട്ടികവർഗ പീഡന നിയമപ്രകാരം കേസെടുക്കണമെന്നും അട്ടപ്പാടിയിൽ നിന്നെത്തിയ ബന്ധുക്കൾ ആവശ്യപ്പെട്ടു.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.