തൃശൂർ: ഉൗരു വിലക്കേർപ്പെടുത്തിയ മൂപ്പനെതിരെ ആദിവാസി യുവതി പരാതിയുമായി വനിതാ കമ്മീഷനു മുന്നിലെത്തി. അതിരപ്പിള്ളിയിലെ വിമല(30)യാണ് തന്റെ ജീവനു ഭീഷണിയുണ്ടെന്നു വനിതാകമ്മീഷനു പരാതി നൽകിയത്. ആനയുടെ ആക്രമണത്തിൽ അഞ്ചു വർഷംമുന്പ് ഭർത്താവിനെ നഷ്ടമായ ഇവർ വന്യജീവികളുടെ അക്രമണഭീഷണികൂടി ഭയന്നാണ് കഴിയുന്നത്.
സഹായിക്കേണ്ട ആളുകൾതന്നെ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നു പറഞ്ഞ് വിമല കമ്മീഷനു മുന്നിൽ വിതുന്പി. യാതൊരു സംരക്ഷണവുമില്ലാത്ത തനിക്ക് വീട് പണിതുനൽകാൻ കുറച്ച് നാട്ടുകാർ തീരുമാനിച്ചെങ്കിലും മൂപ്പൻ ഇടപെട്ട് തടസപ്പെടുത്തി. മറ്റു പുരുഷൻമാരായി ബന്ധം ഉണ്ടെന്നാരോപിച്ചാണ് മൂപ്പൻ തനിക്കെതിരെ ഉൗരുവിലക്ക് കൽപ്പിച്ചിരിക്കുന്നതെന്ന് യുവതി കമ്മീഷനോടു പറഞ്ഞു.
ഉൗരു വിലക്കിനെതുടർന്ന് വീടുപണിയാനും സാധിക്കാതായി. വീടു പണിക്കായി ആരും വരരുത്, ആരോടും സംസാരിക്കരുത്, വൈദ്യുതി നൽകരുത്, വെള്ളം നൽകരുത് എന്നിങ്ങനെ നീളുന്നു ഉൗരുവിലക്കിലെ ചട്ടങ്ങൾ. മൂപ്പന്റെ ആവശ്യത്തിനു വഴങ്ങാത്തതിനെതുടർന്നാണ് ഉൗരുവിലക്കെന്നും യുവതി പരാതിയിൽ പറയുന്നു.
ഇന്നലെ ടൗണ് ഹാളിൽ നടന്ന സംസ്ഥാന വനിത കമ്മീഷൻ അദാലത്തിൽ ഇരു കക്ഷികളേയും വിളിപ്പിച്ചിരുന്നു. പക്ഷേ എതിർകക്ഷിയായ മൂപ്പൻ ഹാജരായില്ല. യുവതിയുടെ പരാതി കേട്ട കമ്മീഷൻ ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താനും പരാതിയെക്കുറിച്ച് അന്വേഷണം നടത്താനും ഉത്തരവിട്ടു.
വനം വകുപ്പ,് ആരോഗ്യ വകുപ്പ്, അതിരപ്പിള്ളി പോലീസ് എന്നിവരോട് റിപ്പോർട്ട് നൽകാനും കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. വീടു പണി കഴിയുന്നതുവരെ വിമലയുടെ താമസ സൗകര്യങ്ങൾക്കുള്ള ഏർപ്പാട് ഏറ്റെടുക്കുമെന്നും ജോലി നൽകി വരുമാനം ഉറപ്പുവരുത്തമെന്നും കമ്മീഷനംഗം ഇ.എം. രാധ പറഞ്ഞു.