രാജപുരം(കാസർഗോഡ്): അയല്‍വാസിയുടെ പറമ്പില്‍ പാഷന് ഫ്രൂട്ട് പറിക്കാനെത്തിയ ആദിവാസി ബാലനെ മര്‍ദ്ദിച്ച് കണ്ണില്‍ മുളകുപൊടി തേച്ചതായി പരാതി. ഒടയംചാല്‍ ചെന്തളത്തെ മാധവന്റെ മകന് വിശാലി(15)നാണ് മര്‍ദ്ദനമേറ്റത്. കോടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. സംഭവത്തിൽ അയല്‍വാസിയും ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരനുമായ ഉമേശന്റെ പേരില്‍ പോലീസ് പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്തു.
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ താന്‍ ഉമേശന്റെ പറമ്പില്‍ നിന്ന് പാഷന് ഫ്രൂട്ട് ശേഖരിക്കാന്‍ പോയിരുന്നതായി കുട്ടിയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ പഴമൊന്നും കിട്ടിയില്ല. തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഉമേശന് വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ഇയാളുടെ വീട്ടില്‍ നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ സ്ഥിരമായി മോഷ്ടിക്കുന്നത് താനാണെന്ന് ആരോപിച്ച് ഇരു കവിളിലും തലയിലും അടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് സിറ്റൗട്ടിലുണ്ടായിരുന്ന കസേരയില്‍ ബലമായി പിടിച്ചിരുത്തിയ ശേഷം വീടിനകത്തുനിന്ന് മുളകുപൊടി കൊണ്ടുവന്ന് മുഖത്തും കണ്ണിലും തേയ്ക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു.
ഏറെ നേരമായിട്ടും മകനെ കാണാത്തതിനാല്‍ അന്വേഷിച്ചിറങ്ങിയ അമ്മയാണ് ഉമേശന്റെ വീടിന്റെ സിറ്റൗട്ടില്‍ തന്നെ തളര്‍ന്നിരിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. രാത്രിതന്നെ കുട്ടിയെ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ചൊവ്വാഴ്ച രാവിലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.