കോഴിക്കോട്: സിപിഎം നേതാവിന്റെ വീട്ടില്‍ 29 വര്‍ഷമായി അടിമ വേലയ്ക്ക് നിര്‍ത്തിയ ആദിവാസി യുവതിയെ ഉടന്‍ മോചിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്. സഹോദരി, സഹോദരന് എന്നിവരാണ് യുവതിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എത്തിയത്.
വീട്ടുകാരോടൊപ്പം വരില്ലെന്ന് യുവതി പറയുന്നത് വീട്ടുടമസ്ഥന്റെ ഭീഷണിമൂലമാണെന്ന് സംശയിക്കുന്നതായി സഹോദരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവരെ കാണാന്‍ കഴിഞ്ഞ മാസം കല്ലായിലെ വീട്ടില്‍ എത്തിയപ്പോള്‍ ശുചിമുറിയോട് ചേര്‍ന്ന് പായയും തലയണയും ഉള്‍പ്പെടെ കണ്ടിരുന്നു.
എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന വീട്ടുകാരുടെ വാദത്തില്‍ സംശയമുണ്ടെന്നും യുവതി ഇപ്പോഴും അടിമപണി തുടരുകയാണെന്നും സഹോദരി പറഞ്ഞു. ശക്തമായ സിപിഎം പിന്തുണയുള്ളതിനാല്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചവരെ പോലും മോശക്കാരായി ചിത്രീകരിക്കാന്‍ വീട്ടുടമ ശ്രമിക്കുന്നതായും അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ ഫോറം വയനാട് ജില്ല സെക്രട്ടറി മുജീബ് റഹ്മാന് പറഞ്ഞു.
യുവതിയെ അടിമപ്പണി എടുപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലും വീട്ടുടമയ്ക്കെതിരേ പോലീസ് നടപടിയെടുക്കാത്തതിന് പിന്നില്‍ ഒത്തുകളിയാണെന്നും അവര്‍ ആരോപിച്ചു. നഷ്ടപരിഹാരമായി നല്‍കേണ്ട തുകയും വീട്ടുടമ വൈകിപ്പിക്കുകയാണ്. യുവതിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി സ്പെഷല്‍ കോടതി മേധാവിക്ക് പരാതി നല്കിയ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
29 വര്‍ഷമായി അടിമവേല ചെയ്യിപ്പിച്ച ആളുകളുടെ കൈകളില്‍ തന്നെ യുവതിയുടെ സംരക്ഷണ ചുമതല ഏല്‍പ്പിച്ച് വനിതാകമ്മീഷനും, ജില്ലാഭരണകൂടവും ഉള്‍പ്പെടെയുള്ള അധികൃതരും യുവതിയുടെ മോചനത്തിന് തടസം സൃഷ്ടിക്കുകയാണ്. യുവതിക്ക് നീതി ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാവാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആദിവാസി വനിത സംസ്ഥാന പ്രസിഡന്റ് കെ. അമ്മിണി , ഐഡിഎഫ് ജില്ലാ പ്രസിഡന്റ് കെ. സി. പുഷ്പകുമാര്‍ എന്നിവരും പങ്കെടുത്തു.