ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിനു മുൻപായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ യൂണിവേഴ്സൽ അക്കൗണ്ട് നന്പർ (യുഎഎൻ നന്പർ) ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അംഗങ്ങൾക്ക് ഇപിഎഫുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യവും ലഭിക്കില്ല.
ഇപിഎഫ്ഒ പോർട്ടലിൽ ആധാർ ബന്ധിപ്പിക്കുന്നതുവരെ ജീവനക്കാരന് പിഎഫ് തുക ലഭിക്കില്ല. പിഎഫുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും.
ആധാറുമായി ബന്ധിപ്പിക്കാത്ത തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്ക് പിഎഫ് വിഹിതം അടയ്ക്കാനും സാധിക്കില്ല.
റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇപിഎഫുമായി ബന്ധപ്പെട്ട എല്ലാ ആനൂകൂല്യങ്ങളും ലഭിക്കുന്നതിന് പിഎഫ് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്നാണു പുതിയ ചട്ടം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ 2020ലെ സാമൂഹികസുരക്ഷാ കോഡിന്റെ 142-ാം വകുപ്പ് ഭേദഗതി ചെയ്തതോടെയാണ് ആധാർ ബന്ധിപ്പിക്കണം എന്നത് നിർബന്ധിതമായത്.
ആധാറുമായി ബന്ധിപ്പിക്കാത്ത പിഎഫ് അക്കൗണ്ടുകളിലേക്ക് തൊഴിലുടമയുടെ വിഹിതമോ തൊഴിലാളിയുടെ വിഹിതമോ അടയ്ക്കാൻ സാധിക്കില്ല.
പ്രതിമാസ വിഹിതം അടയ്ക്കുന്നത് തടസപ്പെടുന്നതിനു പുറമേ ആധാറുമായി ബന്ധിപ്പില്ലെങ്കിൽ ഇപിഎഫ്ഒയുടെ മറ്റു സേവനങ്ങളും ലഭ്യമാകില്ല. പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പിഎഫ് വിഹിതം അടയ്ക്കുന്നത് തടസപ്പെട്ടാൽ ഭേദഗതി ചെയ്ത നിയമം അനുസരിച്ച് തൊഴിൽ ഉടമകളും നിയമനടപടി നേരിടേണ്ടിവരും.
ആധാറുമായി ബന്ധിപ്പിക്കുന്നത് വരെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതം അടയ്ക്കുന്നത് മുടങ്ങുന്നതിനാൽ ഈ കാലയളവിലെ പിഎഫ് നിക്ഷേപത്തിന്റെ പലിശയും തൊഴിലാളികൾക്കു നഷ്ടമാകും.
ഇസിആർ (ഇലക്ട്രോണിക് ചെലാൻ കം റെസീപ്റ്റ്/പിഎഫ് റിട്ടേണ്‍) ഫയൽ ചെയ്യുന്നത് ആധാർ വെരിഫൈ ചെയ്തിട്ടുള്ള യുഎൻഎൻ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും ഓഗസ്റ്റ് 31 ആണ്.
ഇസിആർ അഥവാ ഇലക്ട്രോണിക് ചെലാൻ കം റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുള്ള മാർഗനിർദേശവും കഴിഞ്ഞ ജൂണിൽ പുതുക്കിയിരുന്നു.
ഇതനുസരിച്ചു ആധാറും പിഎഫ് യുഎഎൻ അക്കൗണ്ട് നന്പറും ലിങ്ക് ചെയ്ത ജീവനക്കാർക്ക് മാത്രമേ ഇസിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ.
ഇത് പുതുക്കാത്തവർക്ക് മുൻകൂർ തുക പിൻവലിക്കുന്നതും ഇൻഷുറൻസ് ആനൂകൂല്യങ്ങളും ഉൾപ്പടെയുള്ളവ നഷ്ടമാകും.
യുഎഎൻ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞ ജൂണ്‍ ഒന്ന് ആയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് സെപ്റ്റംബർ ഒന്നു വരെ നീട്ടുകയായിരുന്നു.
ജീവനക്കാരുടെ ആധാറുമായി യുഎഎൻ ബന്ധിപ്പിച്ചുവെന്നത് ഉറപ്പിക്കണമെന്ന് ഇപിഎഫ്ഒ തൊഴിലുടമകൾക്കു നിർദേശം നൽകിയിരുന്നു.
പിഎഫ് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്നും ഇക്കാര്യം ജീവനക്കാരോട് വ്യക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആധാറുമായി ബന്ധിപ്പിക്കാൻ
ആധാറുമായി പിഎഫ് അക്കൗണ്ട് ബന്ധിപ്പിക്കണമെങ്കിൽ അംഗങ്ങളുടെ യുഎഎൻ നന്പർ ആക്ടിവേറ്റ് ചെയ്യണം.
ഇതിന് ഉമാംഗ് ആപ്പിൽ ഇപിഎഫ്ഒ സേവനത്തിൽ താഴെയായി ആക്ടിവേറ്റ് യുഎഎൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ കയറിയും യുഎഎൻ ആക്ടിവേറ്റ് ചെയ്യാം.
കേന്ദ്രസർക്കാരിന്റെ ഉമാംഗ് ആപ് വഴി ആധാറും പിഎഫ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാം. ഇതിനായി ഉമാംഗ് ആപ് ഫോണിൽ ഡൗണ്‍ലോഡ് ചെയ്യണം.
ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആപ്ലിക്കേഷനിലെ ഓൾ സർവീസസ് ടാബിൽ പോയി ഇപിഎഫ്ഒ സേവനം സെലക്ട് ചെയ്യണം.
ഇതിൽ ഇകെവൈസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആധാർ സീഡിംഗ് തെരഞ്ഞെടുക്കുക. പിന്നീട് യുഎഎൻ നന്പറും ഒടിപിയും നൽകി നടപടി പൂർത്തിയാക്കാം.
ഇപിഎഫ് വെബ്സൈറ്റ് വഴിയും ആധാറും പിഎഫ് അക്കൗണ്ടും എളുപ്പത്തിൽ ബന്ധിപ്പിക്കാം. ഇതിനായി https://unifiedportal-mem.epfindia.gov.in എന്ന വെബ്സൈറ്റിൽ മാനേജ് ടാബിൽ നിന്ന് കെവൈസി ഓപ്ഷൻ ക്ലിക്ക് ചെയ്യണം.
പിന്നീട് ആധാർ സേവനം തെരഞ്ഞെടുത്ത് ആധാർ നന്പർ നൽകി നടപടി പൂർത്തിയാക്കാം. ഇപിഎഫ്ഒ പോർട്ടലിൽ ഒടിപി വെരിഫിക്കേഷൻ വഴിയും ആധാറും പിഎഫ് അക്കൗണ്ടും ബന്ധിപ്പിക്കാം.
സെബി മാത്യു