ബെന്യാമിന്റെ ആടുജീവിതം മലയാളികളുടെ കണ്ണു നനയിച്ച ഒരു കൃതിയാണ്. നജീബ് എന്ന യുവാവ് ഗള്‍ഫില്‍ നയിച്ച ദുരിതജീവിതത്തെ ആസ്പദമാക്കിയുള്ള നോവലായിരുന്നു ഇത്. എന്നാല്‍ സൗദിയില്‍ ഇതിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ മലയാളി യുവാവിനെ രക്ഷപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ആടുകളും ഒട്ടകങ്ങളുമായി സൗദി അറേബ്യയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ അലയാന്‍ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അന്‍ഷാദിനെയാണ് രണ്ടുവര്‍ഷത്തിന് ശേഷം സൗദി പൊലീസും സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. സ്വന്തം നാട്ടുകാരന്‍ കൂടിയായ വിസ ഏജന്റിന്റെ ചതിയാണ് അന്‍ഷാദിനെ ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ടത്.സൗദി തൊഴിലുടമയുടെ ഉടമസ്ഥതയിലെ അതിഥി മന്ദിരത്തിലെ ജോലിയെന്ന് പറഞ്ഞ് പറ്റിച്ച് അമ്പതിനായിരത്തോളം രൂപക്ക് വിസ നല്‍കി ഇയാള്‍ യുവാവിനെ കെണിയില്‍പ്പെടുത്തുകയായിരുന്നു.
2017ലാണ് അന്‍ഷാദ് റിയാദിലെത്തിയത്. എയര്‍പ്പോര്‍ട്ടില്‍ നിന്ന് സ്‌പോണ്‍സര്‍ കൊണ്ടുപോയത് നാനൂറ് കിലോമീറ്ററര്‍ അകലെ സാജിര്‍ എന്ന സ്ഥലത്തെ മരുഭൂമിയിലേക്ക്. പന്തികേട് തോന്നിയ അന്‍ഷാദ് അന്ന് തന്നെ എതിര്‍ത്തു.മുഖമടച്ചുള്ള കനത്ത അടിയായിരുന്നു മറുപടി. അന്‍ഷാദിന്റെ പിന്നീടുള്ള ജീവിതം പത്ത് നാല്‍പത് ഒട്ടകങ്ങള്‍ക്കും കുറേ ആടുകള്‍ക്കുമൊപ്പമായിരുന്നു. മരുഭൂമിയില്‍ കൊണ്ടുനടന്ന് മേയ്ക്കണം. കൂടെ ഒരു സുഡാനി ജോലിക്കാരന്‍ കൂടിയുണ്ടായിരുന്നു. അയാള്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓടിപ്പോയി. രണ്ടുവര്‍ഷത്തിനിടെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ ഈ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ട് സഞ്ചരിച്ചു.
ഉണക്ക ഖുബുസും ഒട്ടകത്തിന് കൊടുക്കുന്ന ഉപ്പുരസമുള്ള വെള്ളവുമായിരുന്നു ഭക്ഷണം. രാത്രിയില്‍ തണുത്തുവിറച്ച് മരുഭൂമിയില്‍ ഉറങ്ങി. കുളിച്ചത് രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണ മാത്രം. തളര്‍ന്നിരിക്കുമ്പോഴും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴും സ്‌പോണ്‍സറുടെയും മകന്റെയും ദേഹോദ്രവം. മരുഭൂമി യാത്രക്കിടയില്‍ കണ്ട മറ്റ് ആട്ടിടയന്മാരുടെ ഫോണുകളില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് താന്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് ഒരിക്കല്‍ പറയാനായി. മാതാപിതാക്കള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ രണ്ട് മാസം മുമ്പ് ഒരു രാത്രിയില്‍ തമ്പില്‍ നിന്ന് ഇറങ്ങിയോടി മൂന്ന് ദിവസം കൊണ്ട് നൂറിലേറെ കിലോമീറ്റര്‍ നടന്ന് കുവൈത്ത് അതിര്‍ത്തിക്കടുത്തുള്ള സമൂദ എന്ന സ്ഥലത്തെത്തി. സമൂദ പൊലീസില്‍ അഭയംപ്രാപിച്ചു. പൊലീസ് സ്‌പോണ്‍സറെ വിളിച്ചുവരുത്തി. ഒരു മാസത്തിനുള്ളില്‍ ശമ്പള കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ത്ത് എക്‌സിറ്റ് അടിച്ച് നാട്ടില്‍ വിടാമെന്ന് പൊലീസിന് എഴുതി നല്‍കി യുവാവിനെയും കൊണ്ട് അയാള്‍ തിരിച്ചുപോയി.
വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, മുജീബ് ഉപ്പട എന്നിവര്‍ ഈ സമയം യുവാവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ കൂടി സഹായത്തോടെ അവര്‍ ഒടുവില്‍ അന്വേഷിച്ച് സമൂദ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോള്‍ പൊലീസുകാര്‍ക്ക് അതിന് ഒരു മാസം മുമ്പ് ഈ യുവാവ് തങ്ങളുടെ അടുത്തെത്തിയത് ഓര്‍മവന്നു. അവര്‍ ഉടന്‍ മരുഭൂമിയില്‍ അന്വേഷിച്ചുപോയി തൊഴിലുടമയെ കസ്റ്റഡിയിലെടുക്കുകയും അന്‍ഷാദിനെ കണ്ടെത്തി കൊണ്ടുവരികയും ചെയ്തു. ജോലി തുടങ്ങിയ ശേഷം അന്നേവരെ ശമ്പളം കൊടുത്തിരുന്നില്ല.
പോലീസ് തൊഴിലുടമയെ ലോക്കപ്പില്‍ അടച്ച് ശരിക്കൊന്ന് വിരട്ടിയതോടെ രണ്ടുവര്‍ഷത്തെയും മുഴുവന്‍ ശമ്പളവും അയാളുടെ മകന്‍ കൊണ്ടുവന്നു കൊടുത്തു. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കി ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ കയറ്റിവിടാനുള്ള നടപടി സ്വീകരിക്കാമെന്ന് പൊലീസിന് ഉറപ്പുകൊടുത്തിരിക്കുകയാണ് സ്‌പോണ്‍സര്‍. യുവാവ് ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. അന്‍ഷാദിന്റെ കഥ വെളിയില്‍ വന്നതോടെ തൊഴിലുടമകളുടെ ക്രൂരതകള്‍ കേട്ട് ഞെട്ടിത്തരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം.