കൊടകര: പഞ്ചായത്തിലെ ആട് കർഷക കൂട്ടായ്മ മാതൃകയാകുന്നു. ആട് വളർത്താനും വിപണിയൊരുക്കാനും മെച്ചപ്പെട്ട സാഹചര്യമൊരുക്കി, കൂട്ടായ്മയിലൂടെ നേട്ടമുണ്ടാക്കുകയാണ് ഇവിടുത്തെ കർഷകർ.സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആട് കർഷക സംഘം രൂപീകരിച്ച് പ്രവർത്തിയ്ക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ പറഞ്ഞു.
175 കർഷകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ, ആടു വളർത്തലിന് കൂടുതൽ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്നലെ തുടക്കം കുറിച്ചു. 18 ലക്ഷം രൂപ വകയിരുത്തി 70പേർക്ക് മൂന്ന് ആടുകളെ വീതമാണ് പദ്ധതിയിലൂടെ നൽകുന്നത്.അന്പത് ശതമാനം സബ്സിഡി നിരക്കിലാണ് ആടുകളെ നൽകുന്നത്.
ഇതിനായി 210 ആടുകളെ വാങ്ങുന്നത് കൊടകരയിലെ കർഷകരിൽ നിന്ന് തന്നെയാണ്.
15 മുതൽ 18 കിലോ വരെ തൂക്കമുള്ള ആടുകളെയാണ് പഞ്ചായത്ത് വാങ്ങി കർഷകർക്ക് വിതരണം ചെയ്യും.ഒരു കിലോയ്ക്ക് 350 മുതൽ 400 രൂപ വരെ കർഷകർക്ക് വില നൽകിയാണ് കർഷക സംഘം ആടുകളെ വാങ്ങുന്നത്.പുതിയ പദ്ധതിയിലൂടെ ആടുകളെ വാങ്ങുന്നവരെയും സംഘത്തിൽ ഉൾപ്പെടുത്തും. ആട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ ആട് ഉപോൽപ്പന്നങ്ങളുടെ നിർമാണ സംരംഭങ്ങൾ ആരംഭിയ്ക്കാനും പദ്ധതി ഒരുക്കുന്നുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ വിതരണോദ്ഘാടനം നിർവഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് വിലാസിനി ശശി അധ്യക്ഷത വഹിച്ചു.മൃഗാസ്പത്രി സീനിയർ വെറ്റിനറി സർജ്ജൻ ഡോ.മാത്യൂസ് പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.എൽ.പാപ്പച്ചൻ, ജോയി നെല്ലിശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ പ്രനില ഗിരീശൻ, വി.കെ.സുബ്രഹ്മണ്യൻ, നാരായണി വേലായുധൻ, എന്നിവർ സംസാരിച്ചു. ആട് കർഷക സംഘം പ്രസിഡന്റ് എൻ.വി.ബിജു,വി.എൽ.ജോണി എന്നിവർ സംസാരിച്ചു.