ആറാട്ടുപുഴ സ്വദേശി നജീബ് അനുഭവിച്ച ദുരിതജീവിതം ‘ആടുജീവിതം’ എന്ന സിനിമയായി പുറത്തിറങ്ങാനിരിക്കെ നജീബിനേയും കുടുംബത്തേയും തേടി അപ്രതീക്ഷിത ദുരന്തം. നജീബിന്റെ മകൻ സഫീറിന്റേയും മുബീനയുടെയും ഏക മകൾ ഒന്നര വയസുകാരി സഫ മറിയം അന്തരിച്ചു.
ജന്മനാ രോഗബാധിതയായ സഫയെ ശ്വാസംമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുഞ്ഞു സഫ വിട പറഞ്ഞത്. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് മരിച്ചത്.
മസ്കറ്റിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായ സഫീർ ഞായർ പുലർച്ചെ നാട്ടിലെത്തിയശേഷം പടിഞ്ഞാറെ ജുമാ മസ്ജിദ് കബർസ്ഥാനിൽ കുട്ടിയുടെ കബറടക്കം നടക്കും. കുട്ടിയുടെ മരണത്തിൽ ആടുജീവിതം നോവലിന്റെ എഴുത്തുകാരൻ ബെന്യാമിൻ അനുശോചനം അറിയിച്ചു.