ഒന്നുമറിയാത്ത മിണ്ടാപ്രാണി എന്നമട്ടിലുള്ള വിശേഷണങ്ങൾ ആടുകൾക്കു നല്കുന്നത് ഇനി സൂക്ഷിച്ചു വേണം. കാരണം, ആടുകൾ ഒന്നുമറിയാത്തവരല്ല. മനുഷ്യരുടെ മുഖഭാവങ്ങൾ മനസിലാക്കാനും അതിനോട് പ്രതികരിക്കാനുമുള്ള കഴിവ് ആടുകൾക്കുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ലണ്ടനിലെ ക്യൂൻ മേരി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനത്തിലാണ് ആടുകൾക്ക് മനുഷ്യരുടെ വികാരപ്രകടനങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നു വെളിവായത്. മുഖത്ത് ദേഷ്യം പ്രകടിപ്പിക്കുന്നവരോട് ഇടപഴകാൻ ആടുകൾക്കു മടിയാണെന്നും ചിരിക്കുന്ന മുഖങ്ങളാണ് അവ ഇഷ്ടപ്പെടുന്നതെന്നും പഠനത്തിനു നേതൃത്വം കൊടുത്ത അലൻ മക് ഇലിഗൊട്ട് പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 20 ആടുകളെയാണ് പഠനത്തിനായി ശാസ്ത്രജ്ഞർ ഉപയോഗിച്ചത്. ഒരേ വ്യക്തിയുടെ ദേഷ്യമുള്ള മുഖത്തിന്റെയും ചിരിക്കുന്ന മുഖത്തിന്റെയും ചിത്രങ്ങൾ ആടുകളുടെ മുന്നിൽ പ്രദർശിപ്പിച്ചായിരുന്നു ആദ്യഘട്ട പഠനം.
ആടുകളെല്ലാംതന്നെ ദേഷ്യംനിറഞ്ഞ മുഖചിത്രത്തിൽനിന്ന് അകലം പാലിക്കുന്നതായും ചിരിക്കുന്ന മുഖചിത്രത്തിനടുത്തെത്തി സന്തോഷപൂർവം പെരുമാറുന്നതായും ഈ പഠനത്തിലൂടെ കണ്ടെത്തി. അപരിചിതരായ ആളുകളെ ആടുകൾക്കിടയിലേക്കയച്ചു നടത്തിയ പരീക്ഷണങ്ങളിലും അവയ്ക്ക് സന്തോഷവാന്മാരോടാണ് താത്പര്യമെന്നു കണ്ടെത്തിയെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ജേർണലിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.