കൊച്ചി/കളമശേരി: ഏലൂർ നിവാസികൾ അൽപം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ നിങ്ങൾ മേയാൻ വിട്ട ആടുകൾ അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കും. ഈ ഭാഗത്തു വിലസുന്ന കവർച്ചക്കാർക്കു പ്രിയം ആടിനോടാണെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളെ ചോദ്യം ചെയ്തതോടെ കാറിലെത്തി ആടിനെ കടത്തുന്ന സംഘത്തിൽ ഇനിയും ആളുകളുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.
കളമശേരി ഫ്ലവർ ഗാർഡൻസ് അനൂപ് ചന്ദ്രൻ (22), കലൂർ സൗത്ത് ജനത റോഡ് കരിപ്പാശേരി അഖിൽ ജോസഫ് (24) എന്നിവരാണ് പോലീസിന്റെ വലയിലായത്. ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് മേയാൻ വിട്ട ആടുകളെ കൂട്ടത്തോടെ നഷ്ടപ്പെടുന്നതായി കഴിഞ്ഞ രണ്ടാഴ്ചയായി പരാതികൾ ഉയർന്നിരുന്നു.
ഇതോടെ ആടിനെ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടാൻ ഏലൂർ എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധനകൾ ശക്തമാക്കുകയായിരുന്നു. കാറിൽ വന്ന യുവാക്കളെ സംശയം തോന്നി ചോദിച്ചതോടെ ആടു മോഷണ കഥകളുടെ ചുരുൾ അഴിഞ്ഞു.കാറുകളിൽ കറങ്ങി നടന്നു ഒഴിഞ്ഞയിടങ്ങളിൽ മേയുന്ന ആടുകളെ വണ്ടിയിൽ കയറ്റി കൊണ്ടു പോവുന്നതാണ് ഇവരുടെ രീതി.
തുടർന്നു വിവിധയിടങ്ങളിൽ വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ടു ആഡംബര ജീവിതം നയിക്കുകയുമായിരുന്നു. ഇതുവരെ നാല് ആടുകളെയാണ് വിൽപന നടത്തിയ സ്ഥലങ്ങളിൽനിന്നു പോലീസ് പിടിച്ചെടുത്തത്. കൂടാതെ, രണ്ടു കാറുകളും ഇവരുടെ പക്കൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ജോലിയില്ലാതെ കറങ്ങി നടക്കുന്ന ഇരുവർക്കും കാറുകൾ വാങ്ങിക്കാനുള്ള പണം എവിടെനിന്നു ലഭിച്ചെന്ന അന്വേഷണത്തിലാണ് പോലീസെന്ന് ഏലൂർ എസ്ഐ അഭിലാഷ് പറഞ്ഞു.
പോലീസ് കണ്ടെടുത്ത ആടുകളിൽ രണ്ടെണ്ണത്തിന്റെ ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളമശേരി സ്വദേശികളായവർ ആടു മോഷണം പോയെന്നു ഇന്നലെ പരാതി നൽകിയിട്ടുമുണ്ട്. ഇതിന്റെ പിന്നിലും ഇതേ സംഘമാണോയെന്നു പോലീസ് പരിശോധിക്കുകയാണ്. ഇന്നു പ്രതികളെ കോടതിയിൽ ഹാജരാക്കും.