മാവേലിക്കര: മോഷണക്കേസുമായി ബന്ധപ്പെട്ട് 16 വർഷത്തിനുശേഷം പിടിയിലായ പ്രതി റിമാൻഡിൽ. കായംകുളം കീരിക്കാട് വേരുവള്ളിഭാഗം വടവനാട് കിഴക്കതിൽ ആടുകിളി എന്നു വിളിക്കുന്ന നൗഷാദ് (43) നെയാണ് പോലീസ് മാവേലിക്കര ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ചെട്ടികുളങ്ങര കൈതവടക്ക് അന്പാടിയിൽ വിജയലക്ഷ്മിയമ്മയുടെ വീട്ടിൽനിന്ന് 2001ൽ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാളെ ആന്റി ഗുണ്ടാ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ക്ഷേത്ര കവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു. കായംകുളം, കരീലക്കുളങ്ങര, കനകക്കുന്ന്, കരുനാഗപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മുപ്പതോളം മോഷണക്കേസുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു.
പകൽ സമയങ്ങളിൽ പഴം, പച്ചക്കറി കച്ചവടം നടത്തി വീടുകൾ കണ്ടുവച്ച ശേഷം രാത്രിയിൽ പരിചയസന്പന്നരായ മോഷ്ടാക്കളുമായി എത്തി കവർച്ച നടത്തുന്നതാണ് ഇയാളുടെ പതിവ്. മൂന്നോളം കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടുപ്രതി 20 വർഷമായി വിദേശത്ത് ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി ഗുണ്ടാസ്ക്വാഡ് എഎസ്ഐ ഇല്യാസിന്റെ നേതൃത്വത്തിൽ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ക്വാഡംഗങ്ങളായ അജിത്കുമാർ, സന്തോഷ്, പ്രതാപൻ, സിറിൾ, ഷാഫി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.