ടോം ജോര്‍ജ്
അത്യധ്വാനമില്ലാതെ ആടിനെ എങ്ങനെ വളര്ത്തണമെന്നറിയണമെങ്കില് ഇവിടെത്തണം. കോട്ടയം മോനിപ്പള്ളി മറ്റത്തില്‍ സണ്ണിയുടെ വീട്ടില്‍. വീടിനു പിറകിലായി രണ്ടുതട്ടുകളുള്ള ഭൂമിയുടെ ഒന്നാം തട്ടിലാണ് ഹൈടെക് ആട്ടിന്‍കൂടു സ്ഥാപിച്ചിരിക്കുന്നത്. ജി.ഐ. പൈപ്പും ടിന്‍ഷീറ്റും ഉപയോഗിച്ചു തയാറാക്കിയ കൂട്ടില്‍ 22 ആടുകള്‍ക്ക് സുഖമായി പാര്‍ക്കാം. നിലവില്‍ ഒമ്പത് ആടുകളുണ്ട്.
വശ്യമനോഹര കൂട്
ആട്ടിന്കൂടുകണ്ടാല് അതിനകത്തുകയറി നമുക്കും ഇരിക്കാന്‍ തോന്നും. അത്രയ്ക്ക് വൃത്തിയും ഭംഗിയുമാണതിന്. താഴെ ജിഐ പൈപ്പിനാല്‍ തീര്‍ത്തിരിക്കുന്ന ഫ്രയിമില്‍ കട്ടിയുള്ള പച്ചക്കളറിലുള്ള പ്ലാസ്റ്റിക്കിനു സ്ളോട്ടഡ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ക്വയര്‍ഫീറ്റിന് നൂറുരൂപയുള്ള ഇത് ഒരാള്‍ കയറി നിന്നാലും വളയില്ല.
ഇതിന്റെ ഇടയിലെ സുഷിരങ്ങളിലൂടെ മൂത്രവും കാഷ്ഠവും വീഴുന്നത് താഴത്തെ തട്ടിലെ ടിന്‍ഷീറ്റിട്ട കൂടിനു മുകളിലേക്കാണ്. ഇതിനു നല്ലചെരിവുനല്കിയിട്ടുണ്ട്.
ഇതിനാല്‍ ഷീറ്റിന്റെ അഗ്രഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പിളര്‍ന്ന പിവിസി പൈപ്പിലേക്ക് മൂത്രവും കാഷ്ഠവും വേഗം ഒഴുകിയെത്തും. പൈപ്പിലുടെ നേരെ പുരയിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലെത്തുന്നു. ഇവിടെ നിന്ന് നേരെ മൂത്രമെത്തുന്നത് കൃഷിയിടത്തിലേക്കാണ്.
ടാങ്കിനു മുകളില്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് കുട്ടയില്‍ കാഷ്ഠം ശേഖരിക്കപ്പെടുന്നു. ഇതു പിന്നീടെടുത്ത് ചാക്കിലാക്കി വില്‍ക്കുന്നു. കൂട് ഈ രീതിയില്‍ സംവിധാനം ചെയ്യാന്‍ നിരവധി ആടുഫാമുകള്‍ സണ്ണി സന്ദര്‍ശിച്ചു.
അവിടെനിന്നെല്ലാം ലഭിച്ച ആശയങ്ങളാണ് ഈ ഹൈടെക് കൂടിനു പിന്നില്‍. കൂടിനു മുന്നിലായി നിര്‍മിച്ച ഫുഡ് ട്രേയിലാണ് പച്ചപ്പുല്ലു നല്‍കുന്നത്. സമീകൃത തീറ്റയും അതിനുശേഷം വെള്ളവും പ്രത്യേക പാത്രങ്ങളില്‍ കൂടിനകത്തു നല്‍കും. രോഗപ്രതിരോധശേഷിയില്‍ മുന്‍പന്തിയിലുള്ള മലബാറി ആടുകളെയാണ് വളര്‍ത്തുന്നത്.
മുട്ടന്‍ വീടിനു സമീപമുള്ളതിനാല്‍ പെണ്ണാടുകളെയാണ് ഫാമിലെത്തിച്ചിരിക്കുന്നത്. കുട്ടികളെ വളര്‍ത്താനായി നല്‍കും. മുട്ടനാണെങ്കില് ഇറച്ചിക്കും കൊടുക്കും. ആട്ടിറച്ചിക്ക് നല്ലവിലയായതിനാല് ആടിനു കിലോയ്ക്ക് 450-500 രൂപ നിരക്കില്‍ മൊത്തത്തില്‍ തൂക്കിയാണു നല്‍കുന്നത്. കൂടിന് രണ്ടര ലക്ഷം രൂപ ചെലവായി.
ആടിനു തീറ്റയൊരുക്കാന്‍ സിഒ-3, സി.ഒ-4 ഇനം പുല്ലും ഒരേക്കറില്‍ കൃഷിചെയ്യുന്നു. ചോളം, പയര്‍, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ഗ്രീന്‍പീസ് തോട് എന്നിവ ചേര്‍ത്ത് മിനറല്‍ മിക്സ് അഞ്ചുമാസം പ്രായമുള്ള ആടിന് 200 ഗ്രാം എന്നതോതില്‍ ദിവസവും രാവിലെ എട്ടരയ്ക്കു നല്‍കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ഒരാടിന് മൂന്നു കിലോ പുല്ല് എന്ന ക്രമത്തില്‍ നല്‍കും. രണ്ടു നേരമാണ് ആഹാരം. നല്ല വളര്ച്ചലഭിക്കാന് കൂടിനുചുറ്റും ഫെന്‍സിംഗ് കെട്ടിത്തിരിച്ച് അതിനുള്ളില്‍ ആടുകളെ അഴിച്ചുവിടുന്നു.
ആട്ടിന്‍കൂടിനു താഴെ കോഴി, മുറ്റത്ത് മീന്‍കുളം
ആട്ടിന്‍ കാഷ്ഠം വന്നു പതിക്കുന്ന ഷീറ്റിനു താഴെ മുട്ടക്കോഴികളെ വളര്‍ത്തുന്നു.അതിനാല്‍ കോഴിക്കൂട് പ്രത്യേകം നിര്‍മിക്കേണ്ടി വരുന്നില്ല. മുറ്റത്ത് ഷീറ്റും ജിഐ പൈപ്പുകളുമുപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന 35,000 ലിറ്റര്‍ ജലസംഭരണശേഷിയുള്ള മീന്‍കുളത്തില്‍ അനാബസ്, ഗിഫ്റ്റ് ഇനങ്ങളിലെ മത്സ്യങ്ങളെ വളര്‍ത്തുന്നു.
ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് സോളാര്‍ എയറേറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ വൈദ്യുതിച്ചെലവ് ലാഭിക്കാം.
രണ്ടുനേരമായി ഒരുമണിക്കൂറേ എയറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ. വെള്ളം കൃത്യമായി മാറ്റിയാല്‍ എയറേറ്റര്‍ പ്രവര്‍ത്തന സമയം കുറയ്ക്കാമെന്ന് സണ്ണി പറയുന്നു.
1000 ഗിഫ്റ്റിനെയാണ് ഇട്ടിരിക്കുന്നത്. ഇവയ്ക്ക് ഭക്ഷണമായി കപ്പയില, ചേമ്പില എന്നിവ കെട്ടിയിട്ടു കൊടുക്കും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കൃത്രിമതീറ്റ ഒരു കിലോ വീതം രാവിലെയും വൈകിട്ടും നല്‍കും. എല്ലാത്തിനും വിപണി വീട്ടില്‍ തന്നെയാണെന്നു സണ്ണി പറയുന്നു.
നഗരപ്രദേശങ്ങളിലും മലയോരമേഖലയിലും കുറച്ചുസ്ഥലവും തട്ടുകളായ ഭൂമിയും ഉള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണ് സണ്ണിയുടെ ആട്ടിന്‍ കൂട് മാതൃക.
ഫോണ്‍: സണ്ണി- 94471 39282.