കോട്ടയം: വടംവലിയുടെ ആവേശവുമായി ആഹാ ഇന്നു തിയറ്ററിലെത്തുന്പോൾ പാലാ നീലൂരിൽ ആഘോഷം കൊടിയേറുകയാണ്.
ഒരു കാലത്ത് കേരളമൊട്ടാകെ അലയടിച്ച വടംവലി ടീം ’ആഹാ നീലൂരി’ന്റെ ഇന്നലകളിലൂടെയാണ് സിനിമയുടെ യാത്ര.
കേരളമെന്പാടും മുംബൈ, ഡൽഹി തുടങ്ങിയിടങ്ങളിലും രാജ്യാതിർത്തി കടന്ന് കുവൈറ്റിലും പോയി മത്സരിച്ചു കപ്പ് നേടിയതിന്റെ ചരിത്രമുണ്ട് ആഹാ നീലൂരിന്.
ഇന്നു വടംവലി മത്സരങ്ങൾ കാഴ്ചയിൽനിന്നു അകന്നു നിൽക്കുന്പോൾ മത്സരത്തിന്റെ വീറും വാശിയും വീണ്ടും ജനഹൃദയങ്ങളിലേക്കെത്തിക്കാൻ സിനിമ കാരണമാകുമെന്ന പ്രതീക്ഷയിലാണ് ആഹാ നീലൂരിന്റെ വിവിധ കാലങ്ങളിലെ അംഗങ്ങളും ആരാധകരും.
ഒരു കാലത്ത് 74 ടൂർണമെന്റിൽ 73ലും അജയ്യരായ ടീമിന്റെ മുൻ അമരക്കാരനായിരുന്ന റോയി നീലൂർ തന്റെ ഇന്നലകളിലേക്കുള്ള തിരിച്ചു പോക്കായാണു സിനിമയെ കാണുന്നത്.
തന്റെ ഏഴാം വയസിൽ മുതിർന്ന സഹോദരൻ ജോയി മാത്യുവിന്റെ ടീം നാടൻ പന്തുകളിയിൽ പരാജയപ്പെട്ടപ്പോഴുളള വെല്ലുവിളിയിൽനിന്നുമാണു വടംവലി ടീമിന്റെ പിറവിയെന്നു റോയി പറയുന്നു.
ടാപ്പിംഗ് തൊഴിലാളികളും കൃഷിക്കാരുമായ ഒരുപറ്റം ചെറുപ്പക്കാരായിരുന്നു അന്നുണ്ടായിരുന്നത്. വടം കടമെടുത്ത് സഹോദരനും ടീമും മത്സരിച്ചതും കരിപ്പെട്ടി കയർ പിരിച്ച് വടമുണ്ടാക്കി പരിശീലനം നടത്തിയതും എ, ബി, സി എന്നിങ്ങനെ മൂന്നു ടീമായി വളർന്നതുമെല്ലാം കണ്ടറിഞ്ഞ അനുഭവങ്ങൾ റോയി വിവരിക്കുന്നു.
12-ാം വയസിൽ അപ്രതീക്ഷിതമായാണു താൻ ഭാഗമായതെങ്കിൽ പിന്നീടു അമരക്കാരനായി കേരളം കടന്നും പെരുമ നേടിയ ടീമായി ആഹാ നീലൂർ വളർന്നതിനു പിന്നിൽ ഒരുപറ്റം കായികാഭ്യാസികളുടെ കഠിനാധ്വാനമാണെന്നാണ് റോയിയുടെ ഭാഷ്യം.
ആക്കാട് എന്ന പ്രദേശത്ത് ചെറിയ ടീമായി വളർന്നപ്പോൾ ആക്കാട് ആഹാ എന്ന പേരു നൽകിയത് മാർഗദർശിയായിരുന്ന കുടിലിൽ മോഹനനായിരുന്നു.
പിന്നീട് ആഹാ നീലൂർ എന്ന പേരിലേക്കു പരിഷ്കരിച്ചതും 22 വർഷം ക്യാപ്റ്റനായി ടീമിനെ നയിച്ചതും റോയിയാണ്.
അംഗങ്ങൾ പൊഴിഞ്ഞിടത്തുനിന്നും വീണ്ടുമൊരു ടീമൊരുക്കി ആഹാ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുനനു പല ടീമുകളും ആഹാ നീലൂർ ഉണ്ടെങ്കിൽ മത്സരത്തിൽനിന്നും പിന്മാറുന്ന നിലയിലെത്തി.
ചുവന്ന ജേഴ്സിയിൽ ആഹാ നീലൂർ മത്സരത്തിനിറങ്ങുന്പോഴുണ്ടായ ആളുകളുടെ കരഘോഷങ്ങളും ആരവങ്ങളും ആവേശവുമാണ് നാട്ടുകാരനായ കുറുമണ്ണൂർ സ്വദേശി തോബിത് ചിറയത്തിനെ സിനിമാക്കഥയാക്കാൻ പ്രേരിപ്പിച്ചത്.
യാഥാർഥ സംഭവങ്ങളും ഭാവനയും ഇഴചേർത്ത് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ചിത്രം പാലായുടെ സമിപ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.
ഇന്ദ്രജിത്ത്, അശ്വിൻ കുമാർ, അമിത് ചക്കാലയ്ക്കൽ അടക്കമുള്ള അഭിനേതാക്കൾക്ക് ഷൂട്ടിംഗിനായി വടംവലി പരിശീലനം നൽകിയതും റോയിയാണ്.
തന്റെ ഒന്നാം നന്പർ ചുവന്ന ജേഴ്സിയിൽ സിനിമയിൽ നായകനായ ഇന്ദ്രജിത്ത് വെള്ളിത്തിരയിലെത്തുന്പോൾ ജീവിതം മുന്നിൽ പകർന്നാടുന്നത്തിന്റെ അന്പരപ്പിലും ആവേശത്തിലുമാണ് റോയിയും.