കോഴിക്കോട്: പോലീസ് പിടികൂടിയ അഞ്ചംഗ കവര്‍ച്ചാ സംഘത്തിന്റെ നേതാവായ അമ്പായിത്തോട് ആഷിക്ക് “ഭീകരന്’. പോലീസുകാര്‍ക്കിടയില്‍ വരെ “ഭീകര’നെന്നാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്രായം മുതല്‍ തന്നെ ആഷിക്ക് കോഴിക്കോട് നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. മയക്കുമരുന്നിനടിമായ ആഷിക് നിരവധി കേസുകളിലെ പ്രതിയാണ്. എന്നാല്‍ ആഷിക്കിനെ പലപ്പോഴും പോലീസുകാര്‍ക്ക് തന്നെ ഭയമായിരുന്നു.
എയ്ഡ്സ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ആഷിക് വ്യത്യസ്തനായി മാറിയത്. പിടികൂടാന്‍ വരുന്ന പോലീസുകാര്‍ക്കു മുന്നില്‍ വച്ച് കൈയില്‍ കരുതിയ ബ്ലേഡ്കൊണ്ട് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ആ രക്തം പോലീസുകാരുടെ ദേഹത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും രക്ഷപ്പെടാറുള്ളത്.
എയ്ഡ്സ് രോഗിയെന്ന് പറഞ്ഞ് രക്തം ദേഹത്താക്കുമെന്ന ഭീഷണിക്കു മുന്നില്‍ പോലീസുകാരും കീഴടങ്ങുകയാണ് പതിവ്. സ്വയം കീറിമുറിച്ച് 150 ഓളം ഉണങ്ങിയ മുറിപ്പാടുകളാണ് ആഷിക്കിന്റെ ശരീരത്തിലുള്ളത്. അതേസമയം പലപ്പോഴായും ആഷിക്കിനെ പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.
സ്റ്റേഷനിലെ ലോക്കപ്പിലിട്ടാലും ആഷിക് ഭിത്തിയില്‍ തലയടിച്ച് പൊട്ടിക്കുക പതിവാണ്. ലോക്കപ്പ് മര്‍ദനമെന്ന് വരുത്തി തീര്‍ക്കും വിധത്തിലാണ് ആഷിക് പോലീസ് സ്റ്റേഷനില്‍ പെരുമാറുന്നത്. അതിനാല്‍ പിടികൂടിയാല്‍ തന്നെ പോലീസിന് ചോദ്യം ചെയ്യാനും മറ്റും സാധിക്കാറില്ല.
അതേസമയം ഇത്തവണ അതിസാഹസികമായി ആഷിക്കിനെ പിടികൂടുകയും ദേഹത്ത് സ്വയം മുറിവേല്‍പ്പിക്കാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പിടികൂടിയ ശേഷവും ആഷിക്ക് പോലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റും കവരുന്നത് ആഷിക്കിന്റെ സ്ഥിരം “വിനോദ’മാണ്. കോഴിക്കോട് ജില്ലയില്‍ നിരവധി സ്റ്റേഷനില്‍ കേസുള്ള ഇയാള്‍ താമരശേരി പോലീസ് വാറണ്ട് കേസില്‍ പിടികൂടാന്‍ വന്നപ്പോള്‍ കത്തി കാട്ടി രക്ഷപ്പെട്ടിട്ടുണ്ട്.