അനുമോൾ ജോയ്
സെപ്റ്റംബർ 22 ന് രാത്രി പതിനൊന്നോടെ ആയിഷയുടെ വീടിനടുത്ത് വന്ന് പ്രതികൾ ഓട്ടോയിറങ്ങി. ഓട്ടോഡ്രൈവർ പോയെന്ന് ഉറപ്പിച്ച് ഇരുവരും ആയിഷയുടെ വീട് ലക്ഷ്യമാക്കി നടന്നു.
അവിടെ എത്തുന്പോൾ വീടിനു മുന്നിലുള്ള ബൾബ് തെളിഞ്ഞു കിടന്നിരുന്നു. ആയിഷ ഉറങ്ങിയില്ലെന്ന് പ്രതികൾക്ക് മനസിലായി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ബൾബ് അണഞ്ഞു.
ആയിഷ ഉറങ്ങിയെന്ന് ഉറപ്പായതോടെ ഒന്നാം പ്രതി മൊയിബുൾ ഹക് പോയി ബൾബ് ഊരിമാറ്റി. രാവിലെ ആയിഷ ഉണർന്ന് പുറത്ത് വരുമ്പോൾ തെളിയാതിരിക്കാനായിരുന്നു ഇത്.
ടാപ്പ് പുറത്ത് നിന്ന് പൂട്ടി
അകത്തെ മുറിയിൽ വെള്ളം കിട്ടുന്ന ടാപ്പ് പ്രതികൾ പുറത്ത് നിന്ന് പൂട്ടി. പുലർച്ചെ നിസ്കാരത്തിനുമുമ്പ് ദേഹ ശുദ്ധിക്ക് വെള്ളം കിട്ടാതെ ആയിഷ പുറത്തിറങ്ങുമെന്ന് പ്രതികൾക്ക് ഉറപ്പായിരുന്നു.
വീടിനടുത്തുള്ള കിണറിനു സമീപം ഒന്നാം പ്രതി മൊയിബുൾ ഹക് മറഞ്ഞു നിന്നു. രണ്ടാം പ്രതി നസറുൾ ഇസ്ലാമിനെ സമീപത്തെ റോഡിൽ നിർത്തി ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഏൽപിച്ചു.
പ്രതീക്ഷിച്ചത് പോലെ ആയിഷ രാവിലെ എഴുന്നേറ്റ് പൈപ്പിൽ വെള്ളമില്ലാത്തതിനാൽ ദേഹശുദ്ധിക്കായി വെള്ളം ശേഖരിക്കാനായി കിണറിന്റെ സമീപത്തെത്തി. തക്കം പാർത്തിരുന്ന ഹക് ചാടി വീണ് ആയിഷയുടെ ഇരുചെവികളിലും പിടിത്തമിട്ടു.
എന്നാൽ ഈ സമയം ആയിഷ നിലവിളിച്ചു. ശബ്ദം ഉണ്ടാക്കിയതോടെ ആയിഷയെ തള്ളിയിട്ട് നെഞ്ചിൽ ചവിട്ടി നസറുള്ളിനെയും വിളിച്ച് രക്ഷപെടുകയായിരുന്നു.
കവര്ച്ചക്കിടയിലുള്ള ചെറുത്തു നില്പിനിടെ ആയിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരു ചെവികള്‍ മുറിയുകയും വാരിയെല്ലുകള്‍ തകരുകയും ചെയ്തു. കാലുകള്‍ക്കും പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ ആയിഷയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് ചികിത്സയ്ക്കിടെയാണ് ആയിഷ മരിക്കുന്നത്.
മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ആയിഷ മരിക്കുന്നതിന് മുമ്പ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം.
വീട്ടിൽ നിന്ന് ലഭിച്ച ശാസ്ത്രീയമായ തെളിവുകളും പോലീസ് അന്വേഷണത്തിനായി ശേഖരിച്ചു.രണ്ടാം പ്രതി നസറുള മുസ്ലിം പിടിയിലായതോടെയാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഒ
ന്നാം പ്രതി മൊയിബുൾ ഹക് നേരത്തെ പിടിയിലായിരുന്നെങ്കിലും കവർച്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസിന് നൽകിയിരുന്നില്ല.
ലക്ഷ്യം കവർച്ച മാത്രം
മാസങ്ങൾക്ക് മുന്‍പ് നിർമാണ ജോലിക്കായി ഒന്നാം പ്രതി മൊയിബുൾ ഹക് ആയിഷയുടെ വീടിന് അടുത്തായി താമസിച്ചിരുന്നു. സ്വർണാഭരണങ്ങൾ അണിഞ്ഞ് നടന്ന ആയിഷ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് നോക്കി വെച്ചു.
വയോധികയെ കീഴ്പ്പെടുത്തി സ്വർണം കവർന്ന് രക്ഷപെടുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, അക്രമിച്ചപ്പോൾ ആയിഷ നിലവിളിച്ചു. സമീപത്തെ ആളുകൾ അറിഞ്ഞു.
ആളുകളറിഞ്ഞതോടെ കാതിലെ കമ്മൽ വലിച്ചു പറിച്ചു. എന്നാൽ കമ്മൽ പറിക്കുന്നതിനിടെ ആയിഷയുടെ കാതുകൾ അറ്റുപോയി. ഓടി രക്ഷപെടുന്നതിനിടയിൽ കവർച്ച സംഘത്തിന്റെ കയ്യിൽ നിന്നും ഒരു കമ്മൽ വീണു പോകുകയും ചെയ്തു.
പ്രത്യേക സ്ക്വാഡ്
ആയിഷ കൊലപാതകം അന്വേഷിക്കാന്‍ ഇരുപതംഗ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. കണ്ണൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.
കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, എസ്ഐ ബിജു പ്രകാശ്, ചക്കരക്കൽ അഡീഷണൽ എസ് ഐ രാജീവന്, കണ്ണൂര്‍ ടൗൺ എസ് ഐ മാരായ അനീഷ്, ഹാരിസ്, ഉണ്ണിക്കൃഷ്ണൻ, യോഗേഷ്, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സജിത്ത്, ബാബുപ്രസാദ്, സ്നേഹേഷ്, എം. അജയൻ, രഞ്ജിത്ത്, നാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും ആയിഷയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
(തുടരും)