അനുമോൾ ജോയ്
ആയിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലുള്ള അന്വേഷണം. ഈ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
ശാസ്ത്രീയമായ തെളിവുകളും പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായി. തുടർന്ന് അന്വേഷണ സംഘം ആസാമിലെത്തി ഒന്നാം പ്രതി മൊയിബുൾ ഹക്കിനെ പിടികൂടുകയായിരുന്നു.
ഒന്നാം പ്രതി പിടിയിലായതോടെ രണ്ടാം പ്രതിയായ വാർപേട്ട ജില്ലയിലെ ബംഗാളിപ്പാറയിൽ ഗോറൈ മറി ഗ്രാമത്തിലെ നസറുൾ ഇസ്ലാം ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്.
സ്വർണം വിറ്റത് 54,000 രൂപയ്ക്ക്
മോഷ്ടിച്ച സ്വർണത്തിന്റെ കുറച്ച് ഭാഗം ഹക് നസറുള്ളിനെ ഏൽപ്പിച്ചിരുന്നു. പാന്റ്സിന്റെ പോക്കറ്റിലിട്ട സ്വർണം പിന്നീട് തളിപ്പറന്പ് കുറുമാത്തൂരിലേക്ക് പോകുന്ന വഴി വീണുപോയെന്നാണ് നസ്റുൾ പോലീസിനോട് പറഞ്ഞത്. ആ സ്വർണം കണ്ടെടുക്കാനായില്ല.
എന്നാൽ, സ്വർണത്തിന്റെ ബാക്കി ഭാഗം മൊയിബുൾ ഹക്ക് കണ്ണൂർ ഫോർട്ട് റോഡിലെ ഗുജറാത്തിയുടെ കടയിൽ വിറ്റ് 54,000 രൂപ വാങ്ങിച്ചു. കടക്കാരൻ ഉരുക്കിയ ആ സ്വർണം പിന്നീട് പോലീസ് കണ്ടെടുത്തു.
ഈ പണം എന്തിനാണ് ഉപയോഗിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഹക്കിനോട് പോലീസ് ചോദിച്ചിരുന്നെങ്കിലും ഹക്ക് അതിനെ കുറിച്ച് വ്യക്തമായ മറുപടിയൊന്നും പറഞ്ഞില്ലെന്നാണ് പോലീസ് പറഞ്ഞത്.
പ്രതികൾ സ്വദേശത്ത്
സെപ്റ്റംബർ 29ന് പുലർച്ചെയാണ് ആയിഷ മരിച്ചത്. ഈ വിവരം അറിഞ്ഞതോടെ ഇരുവരും ആസാമിലേക്ക് കടക്കാൻ വഴി തേടി. പെരുന്പാവൂരിൽ നിന്ന് നേരിട്ട് ബസ് സർവീസ് നടത്തുന്ന കാര്യം ഹക്കിന് അറിയാമായിരുന്നു.
കണ്ണൂരിൽ നിന്ന് അന്ന് ഉച്ചയ്ക്ക് ശേഷമുള്ള ചെന്നൈ മെയിലിൽ കയറിയ ഇവർ കോഴിക്കോട് എത്തുന്നതിന് മുന്പ് പെരുന്പാവൂരിലെ ഏജന്റിനെ വിളിച്ച് ടിക്കറ്റിനായി തിരക്കിയിരുന്നെങ്കിലും കിട്ടിയില്ല.
അതുകൊണ്ട് തന്നെ ചെന്നൈയിലെത്തി അവിടെനിന്ന് ആസാമിലേക്ക് പോകുകയായിരുന്നു. നാട്ടിൽ എത്തിയത് കൊണ്ട് തങ്ങളെ പോലീസ് പിടികൂടില്ലെന്നാണ് ഇരുവരും കരുതിയിരുന്നത്.
നിർബന്ധിച്ച് കൂടെകൂട്ടി
ഒന്നാം പ്രതിയായ മൊയിബുൾ ഹക്ക് നിർബന്ധിച്ചാണ് കൂടെകൂട്ടിയതെന്നാണ് നസറുൾ പോലീസിന് നൽകിയ മൊഴി. വാരത്ത് ആയിഷയുടെ വീടിനു സമീപം ഹക്ക് പണിക്ക് പോകാറുണ്ടായിരുന്നു. പലപ്പോഴും ആയിഷ ഇയാൾക്ക് വെള്ളവും ഭക്ഷണവും നൽകിയിരുന്നു. തനിച്ചാണ് താമസിക്കുന്നതെന്ന് പിന്നീടാണ് ഹക്ക് മനസിലാക്കിയത്.
പണത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്ന സുഹൃത്തുക്കളോട് ആയിഷയുടെ കമ്മലിന്റെ കാര്യം പറഞ്ഞിരുന്നെങ്കിലും ആരും കൂടെ നിൽക്കാൻ തയാറായില്ല. നസറുൾ ഒരിക്കൽ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ഹക്ക് നിർബന്ധിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു. മോഷണത്തിൽ നിന്ന് കിട്ടുന്നതിന്റെ നല്ലൊരു പങ്ക് തരാമെന്നായിരുന്നു വാക്ക്.വേറെ പ്രശ്നം ഒന്നും ഉണ്ടാവില്ലെന്ന ഉറപ്പിൻമേലാണ് തന്നെ കൂട്ടിപോയതെന്ന് നസറുൾ പോലീസിനോട് പറഞ്ഞു.
ആ ഫോൺകോൾ
ആയിഷ മരിച്ചതോടെ ആ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളായ അന്പതോളം പേരെ ചോദ്യം ചെയ്തിരുന്നു. വീട്ടുപരിസരത്തെ സിസിടിവി പരിശോധിച്ചപ്പോൾ അതിൽ രണ്ടുപേർ നടന്ന് പോകുന്നതായി കണ്ടു.
അത് മൊയിബുൾ ഹകും നസറുളയുമാണെന്ന് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുവരും പെട്ടെന്ന് അപ്രതീക്ഷമായതോടെ പോലീസ് ഫോൺ വിളികളുടെ വിശദാംശങ്ങൾ പരിശോധിച്ചു.
ആസാമിലെത്തിയ ഹക് കക്കാടുള്ള തന്റെ പരിചയക്കാരനെ വിളിക്കുന്നുണ്ടെന്ന് മനസിലായി. അത് വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഹക് കുടുങ്ങിയത്.
നിരീക്ഷണം തുടർന്ന പോലീസ് നസറുളയും തന്റെ സഹോദരിയുടെ ഫോണിലൂടെ കക്കാടുള്ള സുഹൃത്തിനെ വിളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. അത് പിന്തുടർന്നാണ് ഇയാളെയും പിടികൂടിയത്.
കേന്ദ്ര സേനയുടെ സഹായം
ബംഗ്ലാദേശ് അതിർത്തിയിലാണ് ഗോറൈ ഗ്രാമം. അതിർത്തിയായത് കൊണ്ട് കേന്ദ്ര റിസർവ് പോലീസിന്റെ സാന്നിധ്യം എല്ലാ പോലീസ് സ്റ്റേഷനിലുമുണ്ട്.
കണ്ണൂരിൽ നിന്ന് പോയ പോലീസ് റിസർവ് പോലീസിനെയും കൂട്ടിയാണ് ഗ്രാമത്തിലെത്തിയത്. സഹോദരിയുടെ വീടിന് സമീപത്തായിരുന്ന നസറുളിനെ കസ്റ്റഡിയിലെടുക്കുന്നത് കണ്ട് ആളുകൾ കൂടി തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും തോക്കേന്തിയെത്തിയ പോലീസിനെ കണ്ട് അവർ പിൻ തിരിയുകയായിരുന്നു.
വിമാനമാർഗം ബംഗളൂരുവിലെത്തി അവിടെ നിന്ന് കേരളപോലീസ് വാഹനത്തിൽ കണ്ണൂരിൽ പ്രതികളെ എത്തിക്കുകയായിരുന്നു.
(അവസാനിച്ചു)